ഒലവക്കോട്-മലമ്പുഴ റോഡിലെ കലുങ്ക് പുനർനിർമിക്കൽ; യാത്രാ ദുരിതം
text_fieldsഒലവക്കോട്: തിരക്കേറിയ നഗരത്തിൽ കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷം. ഒലവക്കോട് ജങ്ഷനും സായി ജങ്ഷനുമിടക്കാണ് പ്രവൃത്തി നടക്കുന്നത്. ഐശ്വര്യ നഗർ കോളനിക്കുസമീപത്തെ പഴയ കലുങ്കാണ് പുനർനിർമിക്കുന്നത്.
ഇതുമൂലം ഒലവക്കോട്-ശേഖരിപുരം റൂട്ടിൽ ഒരുമാസത്തേക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിൽനിന്ന് വലതുകര കനാലിലൂടെ കാർഷികാവശ്യത്തിനായി തുറന്നുവിടുന്ന വെള്ളം ഐശ്വര്യ നഗർ കോളനിക്കുസമീപത്തെ കലുങ്കിലൂടെയാണ് വാലറ്റ പ്രദേശങ്ങളിലെത്തുന്നത്. വർഷങ്ങൾക്കുമുമ്പ് നിർമിച്ച കലുങ്കിന് രണ്ട് മീറ്റർ വീതിയാണുള്ളതെങ്കിലും രണ്ടടി വീതിയുള്ള പൈപ്പിലൂടെയാണ് വെള്ളമൊഴുകുന്നത്. വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഈ വലിയ പൈപ്പിനകത്തുകൂടിയാണ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പും കടന്നുപോവുന്നത്.
മാത്രമല്ല, ജലസേചന പൈപ്പിന് വണ്ണം കുറവായതിനാൽ മാലിന്യമുൾെപ്പടെയുള്ളവ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടുന്നതും പതിവാണ്. ഇതുമൂലം വെള്ളക്കെട്ടുണ്ടാകുന്നതിനാൽ സമീപത്തെ വീടുകളിലേക്ക് വെള്ളമൊഴുകുന്ന സ്ഥിതിയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പൊതുമരാമത്ത് വിഭാഗം 25 ലക്ഷം രൂപയോളം ചെലവിട്ട് കലുങ്ക് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. പൈപ്പ് ഒഴിവാക്കി രണ്ട് മീറ്റർ വീതിയിൽതന്നെയാണ് കലുങ്കിന്റെ പുനർനിർമാണമെന്നതിനാൽ വീതി കൂടുന്നതോടെ ഒഴുക്ക് സുഗമമാവും.
ഒരാഴ്ചക്കകം സ്ലാബുകളിട്ട് നിർമാണം പൂർത്തിയാക്കുമെങ്കിലും സ്ലാബിന് മതിയായ ഉണക്കം വേണമെന്ന രീതിയിൽ മാസാവസാനത്തോടെ മാത്രമേ ഇതുവഴി പൂർണഗതാഗതം അനുവദിക്കൂ. പ്രവൃത്തികളുടെ ഭാഗമായി കൽമണ്ഡപം ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങൾ ശേഖരിപുരം-പറക്കുന്നം ജൈനിമേട് വഴി വേണം ഒലവക്കോട് എത്താൻ. ഒലവക്കോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കും ചുണ്ണാമ്പുതറ വഴി വേണം പാലക്കാട്, ശേഖരിപുരം ഭാഗത്തെത്താൻ. എന്നാൽ, റോഡ് പകുതി പൊളിച്ചാണ് പ്രവൃത്തി നടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളടക്കം സായ് ജങ്ഷൻ വഴി പോവുന്നതും പ്രവൃത്തികളെ ബാധിക്കുന്നുണ്ട്. കലുങ്ക് നിർമാണത്തിന്റെ ഭാഗമായി ഒരു മാസത്തോളം ബസ് സർവിസ് റൂട്ടുമാറ്റി വിടുന്നതിനാൽ യാത്രക്കാരും ദുരിതത്തിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.