കർഷകർക്ക് ആശ്വാസം; ചുള്ളിയാർ ഡാം ഇന്ന് തുറക്കും
text_fieldsകൊല്ലങ്കോട്: കർഷകർക്ക് നേരിയ ആശ്വാസം പകർന്ന് ചുള്ളിയാർ ഡാം ബുധനാഴ്ച തുറക്കും. ജലസേചന വകുപ്പ് ചിറ്റൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ചേർന്ന പദ്ധതി പ്രദേശത്തെ പദ്ധതി ഉപദേശക സമിതി അംഗങ്ങൾ, കൃഷി ഓഫിസർമാർ, ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് ബുധനാഴ്ച രാവിലെ ഏഴ് മുതൽ 28ന് വൈകീട്ട് അഞ്ച് വരെ ജലസേചനം നടത്താൻ തീരുമാനമായത്. ചുള്ളിയാർ ഡാം ആയക്കെട്ട് പ്രദേശത്തെ ഒന്നാംവിള നെൽകൃഷിയുടെ ഉണക്കഭീഷണി കണക്കിലെടുത്താണ് വെള്ളം തുറന്നുവിടുന്നത്. നിലവിൽ ചുള്ളിയാർ ഡാമിൽ 25.36 അടിയാണ് ജലനിരപ്പ്. 17 അടിയിലെത്തിയാൽ സുരക്ഷയുടെ ഭാഗമായി വെള്ളം നിർത്തിവെക്കും. 57.5 അടിയാണ് പരമാവധി സംഭരണ ശേഷി.
കാലാവസ്ഥയും ജലലഭ്യതയും കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മീങ്കര ഡാമിൽ 20.6 അടി മാത്രമാണ് ജലനിരപ്പ്. 39.5 അടിയാണ് പരമാവധി സംഭരണ ശേഷി. ജലസേചനത്തിന് തുറന്നുകൊടുക്കാൻ വെള്ളമില്ല. നിലവിലെ വെള്ളം അഞ്ച് മാസത്തേക്ക് കുടിവെള്ളത്തിനു മാത്രമാണ് ഉണ്ടാകുക. മഴ കുറഞ്ഞതാണ് ജലസേചനത്തിൽ പ്രതിസന്ധിയുണ്ടാകാൻ ഇടയാക്കിയത്.
ചുള്ളിയാർ ഡാമിന്റെ വാലറ്റ പ്രദേശങ്ങളിൽ വെള്ളമെത്തുന്നത് സംശയകരമായതിനാൽ മഴയെത്തിയാൽ മാത്രമാണ് കർഷകർക്ക് ആശ്വാസമാകുന്നത്. ചിറ്റൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എബ്ര ഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പദ്ധതി ഉപദേശക സമിതി അംഗങ്ങളായ സി. ശിവശങ്കരൻ, ആർ. ബിജോയ്, പി.വി. അയ്യപ്പൻ, കൃഷി ഓഫിസർമാരായ എം. രാഹുൽ രാജ്, (കൊല്ലങ്കോട്), സി. അശ്വതി (മുതലമട), എം. സലീന (എലവഞ്ചേരി), അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ടി.പി. ശുഭ, അസിസ്റ്റൻറ് എൻജിനീയർമാരായ റോണി ജോയ്, എം. മുഹമ്മദ് ബഷീർ, കർഷകനായ കെ. കൃഷ്ണൻകുട്ടി പനാന്തറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.