മഴക്ക് ശമനം; കെടുതി ബാക്കി
text_fieldsനെന്മാറ: കനത്ത മഴയിലും കാറ്റിലും തൊഴുത്ത് തകർന്നുവീണു. ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ മഴയിലും കാറ്റിലുമാണ് അഞ്ചു പശുക്കളെ വളർത്തിയിരുന്ന തൊഴുത്ത് തകർന്നുവീണത്. അയിലൂർ കോപ്പൻകുളമ്പ് പുതുശ്ശേരി വീട്ടിൽ പി.ജെ. അബ്രഹാമിന്റേതാണ് തൊഴുത്ത്. പശുക്കളെ മേയാൻ പുറത്തുവിട്ടിരുന്നതിനാൽ അത്യാഹിതം ഒഴിവായി.
പശുക്കളെ വളർത്തി ഉപജീവനം കഴിയുന്നയാളാണ് അബ്രഹാം. കല്ലംപറമ്പ് ക്ഷീരോൽപാദക സഹകരണസംഘത്തിൽ കൂടുതൽ പാൽ അളക്കുന്ന ക്ഷീരകർഷകൻകൂടിയാണ്. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊഴുത്ത് പുനർനിർമിക്കാൻ അധികൃതർ സാമ്പത്തികസഹായം നൽകണമെന്ന് വീട് സന്ദർശിച്ച ക്ഷീരസംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.
അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപറമ്പിൽ തോട് കരകവിഞ്ഞൊഴുകി വീട്ടിൽ വെള്ളം കയറി. ശക്തമായ മഴയിൽ നെല്ലിക്കുന്ന് തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ സംരക്ഷണഭിത്തി തകർന്നതോടെയാണ് വീട്ടിലേക്ക് വെള്ളം കയറിയത്. മലയൻ അബ്ദുല്ലയുടെ വീട്ടിലേക്കാണ് വെള്ളം കയറിയത്. ഞായറാഴ്ച രാവിലെ 11 ഒാടയാണ് സംഭവം.
നിമിഷനേരംകൊണ്ട് വീട്ടിനകത്തും പുറത്തും ഒരുപോലെ വെള്ളം നിറഞ്ഞു. ഈ സമയം അബ്ദുല്ലയും കുടുംബവും വീട്ടിലുണ്ടായിരുന്നു. മകൻ ഷറഫുദ്ദീൻ കച്ചവടത്തിനായി സൂക്ഷിച്ച തുണികളും മറ്റും വെള്ളത്തിൽ മുങ്ങിയതായി അബ്ദുല്ല പറഞ്ഞു. മണിക്കൂറുകളോളം വീട്ടിൽ വെള്ളം കെട്ടിനിന്നു. മൺകട്ടകൊണ്ട് നിർമിച്ച ചുവരുകളായതിനാൽ വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് അബ്ദുല്ല പറഞ്ഞു.
കുടുംബം അടുത്ത വീട്ടിലേക്ക് താമസം മാറി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര പറഞ്ഞു. ആലായാൻ മജീദ്, പൊതിയിൽ അബ്ദു എന്നിവരുടെ വീടിന്റെ സംരക്ഷണത്തിനായി തോടിന്റെ വശത്ത് കെട്ടിയ മതിലും കറുതോടത്ത് ബഷീർ, സുബൈർ എന്നിവരുടെ വീടിന്റെ മുൻവശത്തെ മതിലും തകർന്നിട്ടുണ്ട്.
മരം വീണ് വീട് തകർന്നു
അഗളി: അട്ടപ്പാടിയിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു. ചിറ്റൂർ ചുണ്ടകുളം മേട്ടുവഴി റോഡിൽ വെള്ളിങ്കിരിയുടെ വീടാണ് തകർന്നത്. ഇയാളുടെ മകനും മരുമകളും ആണ് വീട്ടിൽ താമസിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ വീടിനടുത്തെ വാകമരം കടപുഴകുകയായിരുന്നു. ആരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നില്ല. താമസക്കാരെ തഹസിൽദാർ ഇടപെട്ട് ചിറ്റൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.