സുരക്ഷിതമല്ലാതെ മാലിന്യ ശേഖരണം; നാട്ടുകാർ ആശങ്കയിൽ
text_fieldsപുതുനഗരം പഞ്ചായത്ത് ഓഫിസ് വളപ്പിനകത്ത് ട്രാൻസ്ഫോർമറിന് സമീപത്ത് കൂട്ടിയിട്ട
മാലിന്യം
പുതുനഗരം: സുരക്ഷിതമല്ലാത്ത മാലിന്യശേഖരണം കാരണം ഭീതിയിലായി നാട്ടുകാർ. ഹരിതകർമസേന പ്രവർത്തകർ വിവിധ വാർഡുകൾ തോറും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വേർതിരിച്ച് ചാക്കുകളിലായി പഞ്ചായത്തിന്റെ പിൻവശത്ത് കൂട്ടിയിട്ടിതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. പഞ്ചായത്തിന്റെ വളപ്പിനകത്തുള്ള ട്രാൻസ്ഫോർമറിന് സമീപത്താണ് ചാക്കുകണക്കിന് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ചെറിയ തീപ്പൊരി പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്ന ചൂടുസമയത്ത് ഇത്രയധികം മാലിന്യം കൂട്ടിയിടുന്നത് ട്രാൻസ്ഫോർമറിനും പരിസരത്തെ മറ്റു സർക്കാർ ഓഫിസുകൾക്കും ഭീഷണിയാകുമെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ, ആയുർവേദ ഡിസ്പെൻസറികൾ ശിശുക്ഷേമ വികസന ഓഫിസ്, പഞ്ചായത്ത് തുടങ്ങിയവ പ്രവർത്തിക്കുന്ന സമുച്ചയത്തിനകത്താണ് മാലിന്യം അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ ഹരിതകർമ സേന സംഭരിച്ച് സൂക്ഷിച്ച മാലിന്യം തീ പടർന്നതോടെ വിവിധ പ്രദേശങ്ങളിൽ മാലിന്യം സൂക്ഷിക്കുന്നത് ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പ് മേധാവികൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും മിക്ക പഞ്ചായത്തുകളിലും അശ്രദ്ധയോടെ കൂടിയാണ് ഹരിതകർമ സേന സമാഹരിക്കുന്ന മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ അടിയന്തരമായി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, മാലിന്യം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അതിനുള്ള നടപടികൾ ആരംഭിച്ചതായും പഞ്ചായത്ത് സെക്രട്ടറി ആൻറണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.