നെല്ലിയാമ്പതിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾക്ക് പുല്ലുവില
text_fieldsനെല്ലിയാമ്പതി: അപകടങ്ങൾ തുടർക്കഥയാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണസംവിധാനങ്ങൾ പേരിനുമാത്രം. സീതാർകുണ്ട്, കാരപ്പാറ എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ചത് മൂന്നു പേരാണ്.
അപകടങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനമെന്ന പേരിൽ പാടഗിരി പൊലീസ് സീതാർകുണ്ട് വ്യൂ പോയൻറിൽ മുളകൊണ്ട് സന്ദർശകരെ തടയാൻ വേലി കെട്ടിയിട്ടും സന്ദർശകർ വേലി ചാടിക്കടന്ന് അപകടമേഖലയിൽ എത്തുന്നുണ്ട് എന്നാണ് വിവരം.
കഴിഞ്ഞദിവസങ്ങളിൽ മകരപ്പൊങ്കൽ അവധിദിവസങ്ങളിൽ നൂറുകണക്കിന് സന്ദർശകരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയത്. അപകടസൂചനയുള്ള ബോർഡൊഴിച്ചാൽ നിരീക്ഷണ സംവിധാനങ്ങളൊന്നും ഇല്ലാത്തത് പോരായ്മയാണ്.
അതുപോലെ കാരപ്പാറപ്പുഴയിൽ സന്ദർശകർ കുളിക്കാനിറങ്ങുന്നത് നിയന്ത്രിക്കാൻ സംവിധാനമില്ല. സന്ദർശകർ വണ്ണാത്തിപ്പാലവും വിക്ടോറിയ വെള്ളച്ചാട്ടവും കണ്ടശേഷം നേരെ പുഴയിലിറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. അപകടങ്ങൾ തുടരെയുണ്ടായിട്ടും അതു നിയന്ത്രിക്കാൻ അധികൃതർ കാര്യമായി ഒന്നും ചെയ്യാത്തത് ആശങ്കയുണ്ടാക്കുന്നെന്നാണ് സന്ദർശകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.