നെല്ലിന് രോഗം; 130 ഏക്കർ കൃഷി ഉപേക്ഷിക്കുന്നു
text_fieldsപെരിങ്ങോട്ടുകുറുശ്ശി: രണ്ടാംവിള നെൽകൃഷിയിൽ വ്യാപക രോഗം. പരുത്തിപ്പുള്ളി പെരുവല-തെക്കുംപാടം പാടശേഖരത്തിൽ 130 ഏക്കർ രണ്ടാം വിള നെൽകൃഷി കൊയ്തെടുക്കാതെ കർഷകർ ഉപേക്ഷിക്കുന്നു.
കൊയ്തെടുത്താൽ കൊയ്ത്തുയന്ത്രത്തിന്റെ വാടകക്കുള്ള നെല്ലുപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. തെക്കുംപാടം പാടശേഖരത്തിൽ ജ്യോതി, ഉമ എന്നീ ഇനങ്ങൾ കൃഷി ചെയ്ത 130 ഏക്കർ നെൽകൃഷിയാണ് നശിച്ചത്.
നെൽകൃഷി നശിച്ചത് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കേരളകുമാരി, മുൻ എം.എൽ.എ എ.വി. ഗോപിനാഥ് എന്നിവർ സന്ദർശിച്ചു. പെരിങ്ങോട്ടുകുറുശ്ശി പെരുവല-തെക്കുംപാടം പാടശേഖര സമിതിയുടെ ആകെ 158 കൃഷിക്കാരിൽ 130 കൃഷിക്കാർക്കും വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
രണ്ടാംവിള നശിച്ചതിലൂടെ വൻ നഷ്ടവും സാമ്പത്തിക ബാധ്യതയുമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളതെന്നും ഉചിതമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്നും ഇൻഷുറൻസ് തുക കൃഷിക്കാർക്ക് അടിയന്തരമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എ.വി. ഗോപിനാഥ് ആവശ്യപ്പെട്ടു. പാടശേഖര സമിതി സെക്രട്ടറി കെ.യു. ശ്രീനിവാസൻ, പ്രസിഡന്റ് വിജയകൃഷ്ണൻ, കൃഷ്ണൻകുട്ടി പൂവത്തിങ്കൽ, വാസു വലിയപറമ്പ്, പി.കെ. പരമേശ്വരൻ, കണ്ണൻ മഞ്ഞപ്പംകുന്ന് എന്നീ കർഷകരും സന്ദർശക സംഘത്തിനുമുന്നിൽ കാര്യങ്ങൾ വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.