നെല്ലുസംഭരണം നീളുന്നു; കർഷകർക്ക് ദുരിതപർവം
text_fieldsകോങ്ങാട്: കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. കേരളശ്ശേരി പഞ്ചായത്തിലെ പൂതമ്പാടം, പഴങ്ങോട്ട് പാടശേഖരങ്ങളിലെ 30ഓളം കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ഏകദേശം രണ്ടു പാടശേഖരങ്ങളിൽ നിന്നായി രണ്ടാം വിളയിൽ ലഭിച്ച 100 ടൺ നെല്ല് ചാക്കിലാക്കി പാടത്തും മുറ്റത്തും വീട്ടുവരാന്തയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
നെല്ല് സംഭരിക്കുന്ന ഏജന്റ് ആരാണെന്നോ മില്ല് ഏതാണെന്നോ ഇന്നേവരെ കർഷകർക്ക് വിവരം ലഭ്യമായിട്ടില്ല. ഉണക്കി ചാക്കിലാക്കി സൂക്ഷിച്ച് വെച്ച നെൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ വേനൽ മഴയിൽ നനഞ്ഞു. രണ്ടാമതും വീണ്ടും ഉണക്കി ചാക്കിലാക്കി. കുറെയൊക്കെ മുളവന്ന് നശിച്ചതായും കർഷകർ പരാതിപ്പെട്ടു.
ഇനിയും വേനൽ മഴ പെയ്താൽ നെല്ല് നനഞ്ഞ് നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ടി.ആർ. ഉണ്ണികൃഷ്ണൻ, എം.പി. ശ്രീകുമാർ, എം. ദേവദാസൻ, രാധാകൃഷ്ണൻ, ഗംഗാധരൻ, ഹരിദാസൻ, രാജൻ, ദീപക്, കൃഷ്ണൻ കുട്ടി തുടങ്ങി 30ഓളം കർഷകരുടെ നെല്ലാണ് രണ്ടാഴ്ചയായി മുറ്റത്തും പറമ്പിലുമായി സൂക്ഷിച്ചിട്ടുള്ളത്. സ്വർണം പണയം വെച്ചും വായ്പയെടുത്തുമാണ് കർഷകർ രണ്ടാം വിള ഇറക്കിയത്. വേനൽ മഴക്ക് മുമ്പ് നെല്ല് സംഭരിക്കാൻ നടപടിയുണ്ടാകണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.