കതിരണിഞ്ഞ് പാടങ്ങൾ; തകർത്തുപെയ്യുന്ന മഴയിൽ കർഷക പ്രതീക്ഷകൾ പൊലിയുന്നു
text_fieldsപാലക്കാട്: തകർത്തുപെയ്യുന്ന മഴ നെൽകർഷകർക്ക് കനത്ത തിരിച്ചടിയാവുന്നു. കൊയ്ത്ത് കാലത്ത് മഴയെത്തിയത് കർഷകരുടെ പ്രതീക്ഷകളെല്ലാം തകർത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൊയ്യാനുള്ളതും കതിർവരുന്ന പാടങ്ങളും അപ്രതീക്ഷിത മഴയിൽ നശിക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കിലെ ചില മലയോര മേഖലകളിലും ഈയാഴ്ച കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. മഴ പെയ്യുന്നതിനാൽ വയലുകളിൽ വെള്ളം കെട്ടി നിൽക്കുകയാണ്. മഴ തുടരുകയാണെങ്കിൽ വലിയ പ്രതിസന്ധിയാവുമെന്ന് കർഷകർ പറയുന്നു. വെള്ളം കയറിയതിനാൽ നെല്ലിന്റെ ഗുണമേന്മ കുറയാനുള്ള സാഹചര്യമുള്ളതിനാൽ വില കുറയുമെന്നുള്ള ഭയവും വൈക്കോൽ നശിച്ചുപോകുമെന്ന ആശങ്കയിലുമാണ് കർഷകർ.
ഇതൊടൊപ്പം കൊയ്തെടുത്ത നെല്ല് സപ്ലൈകോ സംഭരിക്കാത്തതിനാൽ വീടുകളിൽ നെല്ല് സൂക്ഷിക്കാനും ക൪ഷക൪ പെടാപാടുപെടുകയാണ്. പലരും മില്ലുകൾ വാടകയക്കെടുത്താണ് നെല്ല് സുക്ഷിക്കുന്നത്. മഴയിൽ കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനും ഏറെ പ്രയാസപ്പെടുകയാണ്. ഏകദേശം 100 മെട്രിക് ടൺ നെല്ല് മാത്രമാണ് സപ്ലൈകോ ഇതുവരെ സംഭരിച്ചിട്ടുള്ളത്. 48000 ക൪ഷകരാണ് സംഭരണത്തിന് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. ഇതിൽ ഏകദേശം 7000 ക൪ഷകരുടെ അപേക്ഷകൾ പരിശോധിച്ച് കൃഷിഓഫിസറുടെ അനുമതിക്കായി സമ൪പ്പിച്ചിട്ടുള്ളത്.
അതിൽ 4500 ഓളം അപേക്ഷകൾ മാത്രമാണ് കൃഷി ഓഫിസ൪മാ൪ അനുമതി നൽകി സപ്ലൈകോക്ക് ഓണലൈനായി നൽകിട്ടുള്ളത്. കൃഷി ഓഫിസർമാർ അനുമതി നൽകുന്ന അപേക്ഷകളിലാണ് സപ്ലൈകോ നെല്ലെടുപ്പ് നടപടികൾ തുടങ്ങുക. നെല്ലെടുപ്പിന് പാഡി മാർക്കറ്റിങ് ഓഫിസർമാരെ സഹായിക്കാനായി നിയോഗിച്ച 20 കൃഷി അസിസ്റ്റന്റുമാരിൽ നാലുപേർ മാത്രമാണ് കഴിഞ്ഞദിവസം ചുമതലയേറ്റത്. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കുമെന്നാണു വിവരം. സപ്ലൈകോ നേരിട്ട് താൽക്കാലികമായി നിയമനം നടന്നുവരുന്നതെയുള്ളൂ. നെല്ലെടുപ്പും വളരെ സാവാധനത്തിലാണ്. കൃഷിവകുപ്പ്-സപ്ലൈകോ വിഭാഗത്തിൻറെ മെല്ലെപ്പോക്ക് നയം ക൪ഷകരെ ദുരിതത്തിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.