മില്ലിന് മെല്ലെപ്പോക്ക്; കാവശ്ശേരി കല്ലേപ്പുള്ളിയിൽ കെൽപാം അരി മില്ല് നിർമാണം ആലോചനയിൽ മാത്രം
text_fieldsആലത്തൂർ: കാവശ്ശേരി കല്ലേപ്പുള്ളിയിൽ പാതിയിൽ നിലച്ച കെൽപാമിന്റെ ആധുനിക അരിമില്ല് നിർമാണം തുടരാനുള്ള ചർച്ച എങ്ങുമെത്തിയില്ല. പട്ടികജാതി വികസന വകുപ്പിന്റെ 9.61 കോടി രൂപ ഉപയോഗിച്ച് 2017ൽ നിർമാണം തുടങ്ങിയ പദ്ധതിയാണ് നിലച്ചത്. ശേഷിക്കുന്ന പ്രവൃത്തികൾക്കായി ഒന്നരക്കോടി രൂപ അനുവദിക്കണമെന്ന് കാണിച്ച് എസ്റ്റിമേറ്റ് സമർപ്പിച്ചതായി പറയുന്നു. ഫെബ്രുവരി അവസാനം കെൽപാം എം.ഡി, ചെയർമാൻ, വകുപ്പ് ഉദ്യോഗസ്ഥർ, എം.എൽ.എ, മന്ത്രി എന്നിവർ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നുമാണ് പറഞ്ഞിരുന്നത്.
എന്നാൽ ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. 2021ൽ കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷനും ലൈസൻസും ലഭിച്ചിരുന്നില്ല. വൈദ്യുതി കണക്ഷനുള്ള നടപടി വൈകിയതോടെ ട്രയൽ റൺ നടത്താനുള്ള ശ്രമവും നടന്നില്ല. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വയറിങ്ങിലും ഉപകരണങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിരുന്നു. കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ല. കെട്ടിട നിർമാണത്തിൽ അഗ്നിരക്ഷ വിഭാഗത്തിന്റെ നിബന്ധനകളും പാലിച്ചിരുന്നില്ലെന്നും പറയുന്നു. ചുറ്റുമതിലും രണ്ടു വാഹനങ്ങൾ ഒരുമിച്ച് കടന്നുപോകാനുള്ള വഴിയും ഓഫിസ് സംവിധാനവും ഒരുക്കേണ്ടതുണ്ട്.
ഇതിനെല്ലാം ആവശ്യമായ ഫണ്ട് പട്ടികജാതി വികസന വകുപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് തുടർ നടപടികൾ ആലോചിച്ചത്. മില്ല് പ്രവർത്തനം തുടങ്ങിയാൽ ഒരു ദിവസം രണ്ട് ഷിഫ്റ്റിലായി 48 ടൺ നെല്ല് സംസ്കരിച്ച് അരിയാക്കാൻ കഴിയുന്നതാണ് പദ്ധതി. നെല്ല് ശേഖരിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ച് മില്ല് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ കാവശ്ശേരി ആലത്തൂർ ഉൾപ്പെടുന്ന മേഖലയിലെ മുഴുവൻ നെല്ലും സംഭരിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ എല്ലാം പ്രതീക്ഷയായി ഒതുങ്ങുമെന്നാണ് കാണുന്നത്. ഇതുപോലെ ഏറെ പ്രതീക്ഷയോടെ പ്രവർത്തനം ആരംഭിച്ചതാണ് ആലത്തൂർ വെയർഹൗസ് വളപ്പിലെ കൃഷി വകുപ്പിന്റെ കീഴിലെ സർക്കാർ അരി മില്ല് അതും നിർമാണം കഴിഞ്ഞ് തുറന്നതല്ലാതെ പ്രവർത്തനം നടത്താൻ കഴിയാതെ പൂട്ടി കിടക്കുകയാണ്. ആ ഗതി തന്നെയാണ് ഇപ്പോൾ കാവശ്ശേരിയിലെ മില്ലിനും സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.