നെല്ലുസംഭരണം പ്രതിസന്ധിക്ക് അയവ് വരുമോ?
text_fieldsപാലക്കാട്: ഒന്നാംവിള കൊയ്ത്ത് ജില്ലയിൽ സജീവമായിട്ടും നെല്ലുസംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഭൂരിഭാഗം മില്ലുകളും സപ്ലൈകോയുമായി ഇതുവരെ കരാറിൽ എത്തിയിട്ടില്ല. കൊയ്ത്തുകഴിഞ്ഞ് ആഴ്ചകൾക്കിപ്പുറവും സംഭരണം നടക്കാതെ നെല്ല് കെട്ടിക്കിടക്കുകയാണ്.
സമയബന്ധിതമായി സംഭരണം നടക്കാതെ വരുമ്പോൾ കർഷകർ മില്ലുടമകളുടെ ഏജൻറുമാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകാൻ നിർബന്ധിതരാകുകയാണ്. ഓരോ സീസണിലും ഏകദേശം 1.25 ലക്ഷം മെട്രിക് ടൺ ജില്ലയിൽനിന്ന് സപ്ലൈകോ സംഭരിക്കുന്നുണ്ട്. ഓരോ സീസണിലും 52ഓളം മില്ലുകളാണ് ജില്ലയിൽനിന്ന് നെല്ല് സംഭരണത്തിന് എത്തുന്നത്.
ഇതിനായി നാല് പി.എം.ഒ വേണ്ടയിടത്ത് ഒരു പാഡി മാർക്കറ്റിങ് ഓഫിസർ മാത്രമാണ് ജില്ലയിലുള്ളത്. ഈ സീസണിൽ തൃശൂർ പി.എം.ഒക്ക് ആലത്തൂർ താലൂക്കിലെ അധിക ചുമതല നൽകിയിട്ടുണ്ട്. മതിയായ ഫീൽഡ് ജീവനക്കാരെ അനുവദിക്കുന്നതിലും വീഴ്ച പതിവാണ്.
കൃഷിഭവനിലെ കൃഷി അസിസ്റ്റൻറുമാരെയാണ് സംഭരണകാലയളവിൽ ഡെപ്യൂട്ടേഷനിൽ സംഭരണ ജീവനക്കാരായി നിയമിക്കുന്നത്. 18 പേരെ ഇതിനായി ആവശ്യപ്പെെട്ടങ്കിലും ഇതുവരെ ജീവനക്കാരെ അനുവദിച്ചിട്ടില്ല.
ഇന്നുമുതൽ സംഭരണം ആരംഭിക്കുമെന്ന് സപ്ലൈകോ
ജില്ലയിൽ ചൊവ്വാഴ്ച മുതൽ നെല്ല് സംഭരണം ആരംഭിക്കുമെന്ന് സപ്ലൈകോ. പുതുക്കോട് പഞ്ചായത്തിൽനിന്നാണ് ഈ സീസണിലെ ആദ്യസംഭരണം തുടങ്ങുന്നത്. ഇതുവരെ മൂന്ന് മില്ലുകളാണ് സപ്ലൈകോയുമായി കരാറിൽ എത്തിയത്.
അടുത്ത ദിവസങ്ങളിൽ കൂടുതൽ മില്ലുകളെ സംഭരണത്തിൽ പങ്കെടുപ്പിക്കുന്നതിൽ ചർച്ച നടക്കുകയാണ്. ഇതുവരെ എലപ്പുള്ളി പാഡികോ, കാലടി, കോട്ടയം എന്നിവടങ്ങളിലെ ഓരോ മില്ലുകളാണ് സപ്ലൈകോയുമായി കരാറിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.