സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ നെല്ല് സംഭരിക്കില്ലെന്ന് മില്ലുടമകൾ
text_fieldsപാലക്കാട്: സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വരുന്ന സീസണിൽ വിട്ടുനിൽക്കുമെന്ന് മില്ലുടമകൾ. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയ സർക്കാർ ഇതുവരെയും അത് നടപ്പിലാക്കിയില്ല.
2018ലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്‍റെയും തടഞ്ഞുവെച്ചിരിക്കുന്ന കൈകാര്യ ചെലവ് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
20 കോടിയോളം കൈകാര്യച്ചെലവായി മില്ലുകൾക്ക് കിട്ടാനുണ്ട്. 2021 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ ഉടൻ തീരുമാനം ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയിച്ചെങ്കിലും ഇതുവരെയും തീരുമാനമായില്ല. ഔട്ട്ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും പരിഹരിക്കണമെന്ന് മില്ലുടമകൾ പറഞ്ഞു.
ഒരു ക്വിന്‍റൽ നെല്ലിന് 64 കിലോ അരി എന്ന വ്യവസ്ഥ ഹൈകോടതിയുടെ ഇടപെടൽ മൂലം 68 കിലോ തിരികെ നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്. കൈകാര്യ ചെലവ് ഒരു ക്വിന്‍റൽ നെല്ലിന് 214 രൂപയിൽ നിന്നും 272 രൂപയാക്കി വർധിപ്പിച്ചതും ഇതുവരെ നടപ്പിലായിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
വിഷയങ്ങളിൽ വ്യക്തമായ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ സംഭരണത്തിൽ നിന്നും വിട്ടുനിൽക്കാനാണ് തീരുമാനമെന്നും മില്ലുടമകൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് കെ.കെ. കർണ്ണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ, ജില്ല പ്രസിഡന്‍റ് പുഷ്പാംഗൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.