ഊട്ടറ പാലത്തിൽ ഭീതിപരത്തി ഭാരവാഹനങ്ങളുടെ സവാരി
text_fieldsകൊല്ലങ്കോട്: തകർന്ന രണ്ട് ബാരിയറും പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് ഊട്ടറ പാലത്തിൽ ഭീതിപരത്തി ഭാരവാഹനങ്ങളുടെ സവാരി. വിള്ളലിനെത്തുടർന്ന് അടച്ചിട്ട പാലം 50 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി മാർച്ചിലാണ് തുറന്നത്. അമിതഭാരമുള്ള വാഹനങ്ങൾ കടക്കാതിരിക്കാൻ ഇരുവശത്തും ബാരിയറുകൾ സ്ഥാപിച്ചെങ്കിലും വാഹനങ്ങൾ ഇടിച്ചുതകരുന്നത് തുടക്കഥയായതോടെയാണ് ബാരിയറുകൾ പുനഃസ്ഥാപിക്കാത്തത്. ചെറുവാഹനങ്ങളും ബസ് ഒഴികെ പാസഞ്ചർ വാഹനങ്ങൾക്കും പോകാവുന്ന രീതിയിൽ പാലത്തിന്റെ ഇരുവശത്തും മൂന്നുമീറ്റർ ഉയരത്തിലായിരുന്നു ബാരിയറുകൾ ഉണ്ടായിരുന്നത്. അമിതഭാരം കയറ്റിയ ടിപ്പറുകളും ചരക്കുവാഹനങ്ങളും കടന്നുപോയാൽ പാലത്തിന് വീണ്ടും തകരാർ സംഭവിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
പുതിയ പാലത്തിന് കരാർ നൽകാൻ അനുമതിയായെങ്കിലും നടപടി ഇഴയുകയാണ്. കിഫ്ബി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അനുമതിപത്രം സ്ഥലമുടമ നേരേത്ത നൽകിയതാണ്. കരാർ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്. 20 കോടി രൂപയാണ് ഊട്ടറപ്പുഴ പാലത്തിനും റെയിൽവേ മേൽപാലത്തിനും കിഫ്ബി അനുവദിച്ചത്. കരാർ നടപടി പുർത്തിയായാൽ ഒരു വർഷത്തിനകം പുതിയ പാലം പൂർത്തീകരിക്കാനാകും. പാലത്തിന്റെ കരാർ പണി അന്തിമഘട്ടത്തിലാണെന്നും തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തീകരിക്കുമെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.