പൊന്നങ്കോട്ട് ഒരുങ്ങുന്നു, വഴിയോര വിശ്രമകേന്ദ്രം
text_fieldsതച്ചമ്പാറ: പഞ്ചായത്തിലെ പൊന്നങ്കോട്ട് വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നു. 2022-‘23 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടേക്ക് എ ബ്രേക്ക് സെന്റർ നിർമിക്കാൻ ജില്ല ആസൂത്രണ സമിതി അനുമതി നൽകിയത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതക്ക് അഭിമുഖമായി കാഞ്ഞിരപ്പുഴ കനാലിന്റെ തീരത്തെ പുറമ്പോക്ക് സ്ഥലത്താണ് വഴിയോര വിശ്രമകേന്ദ്രം നിർമിക്കാൻ തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതി സ്ഥലം കണ്ടെത്തിയത്. സ്ഥലം കണ്ടെത്തിയ ശേഷം ഒരു വർഷം മുമ്പ് തന്നെ വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നതിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. ഈയിടെയാണ് കനാലിന് അരികെയുള്ള രണ്ട് സെന്റ് ഭൂമിയിൽ വഴിയിട വിശ്രമകേന്ദ്രമാരംഭിക്കാൻ തച്ചമ്പാറ ഗ്രാമപഞ്ചായത്തിന് ജലസേചന വകുപ്പ് അനുമതി നൽകിയത്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജലസേചന വകുപ്പിനാണെന്ന് പ്രത്യേകം അനുമതിപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ നിർമാണത്തിനും പരിപാലനത്തിനുമാണ് തച്ചമ്പാറ പഞ്ചായത്തിന് സ്ഥലം വിട്ടുനൽകിയത്. നിലവിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിനും ഒലവക്കോട്ടിനും ഇടയിൽ വഴിയോര വിശ്രമകേന്ദ്രങ്ങളില്ല. പൊന്നങ്കോട്ടിൽ പൊതു ശുചിമുറി, ക്ലോക് റൂം ഉൾപ്പെടെ വഴിയിട വിശ്രമകേന്ദ്രം യാഥാർഥ്യമായാൽ നിരവധി വഴി യാത്രക്കാർക്കും മറ്റും ഈ സൗകര്യം ഉപകാരപ്രദമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.