പാലക്കാട് ജില്ലയിലെ 37 സ്‌കൂളുകളിൽ സുരക്ഷിത പോഷകാഹാര പദ്ധതി നടപ്പാക്കുന്നു
text_fieldsപാലക്കാട്: ഭക്ഷ്യസുരക്ഷ വകുപ്പ് പാലക്കാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 37 സ്‌കൂളുകളിൽ സുരക്ഷിത പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. സുരക്ഷിതവും പോഷകമൂല്യമടങ്ങിയതുമായ ഭക്ഷണക്രമം സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം പകരുകയാണ് ലക്ഷ്യം. എട്ട്, ഒമ്പത്, 11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെയാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജങ്ക് ഫുഡ്, കലോറി കൂടിയ ഭക്ഷണം, കൂടുതല്‍ ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം, ട്രാന്‍സ് ഫാറ്റും കൃത്രിമനിറങ്ങളും അടങ്ങിയ ഭക്ഷണം എന്നിവ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നത് ബോധ്യപ്പെടുത്തുകയും സുരക്ഷിത ഭക്ഷണം പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം.
ഭക്ഷണത്തില്‍ നിന്ന് വേണ്ടത്ര പോഷകമൂല്യം ലഭ്യമാകുന്നില്ലെങ്കില്‍ ഭക്ഷ്യവസ്തുക്കളില്‍ വൈറ്റമിനുകളും ധാതുക്കളും ചേര്‍ത്ത് ഫോര്‍ട്ടിഫൈ ചെയ്ത് കുട്ടികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ജങ്ക് ഫുഡുകൾക്ക് പകരം ഇഡലി, ദോശ, പുട്ട്, വെള്ളേപ്പം, നൂലപ്പം, ഇലക്കറികള്‍ എന്നിവ വിദ്യാർഥികളിൽ ശീലമാക്കാന്‍ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ. പോഷകമൂല്യം അടങ്ങിയ വിഭവങ്ങളുടെ പാചകത്തിലും വിദ്യാർഥികളെ പദ്ധതി പ്രകാരം പരിചിതരാക്കും. ജങ്ക് - ഫാസ്റ്റ് ഫുഡുകൾ കാന്‍സര്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, വന്ധ്യത, മാനസിക രോഗങ്ങള്‍ തുടങ്ങിയവക്ക് വഴിവെക്കുന്നതായി ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.കെ. പ്രദീപ്കുമാര്‍ അറിയിച്ചു. സുരക്ഷിത പോഷകാഹാര പദ്ധതിക്ക് ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ സി.എസ്. രാജേഷ്, നന്ദകിഷോര്‍, എ.എം. ഫാസില, പി.വി. ആസാദ്, ആര്‍. ഹേമ, പി.ആര്‍. രാജി എന്നിവരാണ് നേതൃത്വം നൽകുക. പദ്ധതി ഫെബ്രുവരി 15 നകം പൂര്‍ത്തീകരിക്കുമെന്നും അസി. കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.