അക്ഷര സഞ്ചിയുമായി ശശി നടത്തം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്
text_fieldsപാലക്കാട്: തോളിൽ തൂക്കിയ കറുത്ത ബാഗ് നിറയെ പുസ്തകങ്ങളുമായി ശശി നടക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ഇതിനകം വായിച്ചുതീർത്ത പുസ്തകങ്ങളും വിൽപന നടത്തിയ പുസ്തകങ്ങളും അനവധി. പുസ്തക വിൽപന ശശിക്ക് വരുമാനത്തിലുപരി ജീവിതവുമാണ്. 20ാം വയസ്സിലാണ് പത്തിരിപ്പാല നഗരിപുരം സ്വദേശി എ.വി. ശശി പുസ്തകങ്ങൾ ബാഗിലാക്കി തോളിൽ തൂക്കി നടന്ന് വിൽപന ആരംഭിച്ചത്. ഇപ്പോൾ 36 വർഷം പിന്നിട്ടു. വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളേ വിൽക്കാറുള്ളൂ. പുസ്തകങ്ങളോടുള്ള താൽപര്യമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് ശശി പറയുന്നു. സ്കൂളുകളിലും കോളജുകളിലും സർക്കാർ ഓഫിസുകളിലുമെല്ലാം ചലിക്കുന്ന ലൈബ്രറിയായി എത്തുന്ന ശശിയെ കാത്തിരിക്കുന്നവർ ഏറെയാണ്.
തട്ടുകടയിലും ബാറിലും വീടുകളിലുമെല്ലാം ശശി പണിക്ക് നിന്നിട്ടുണ്ട്. എന്നാൽ, പുസ്തകങ്ങളോടുള്ള പ്രിയം വീണ്ടും തോളിലൊരു ബാഗുമായി നടക്കാൻ പ്രേരിപ്പിച്ചു. മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിലും വിൽപനയുണ്ട്. റാം കെയർ ഓഫ് ആനന്ദി, ഓരിക്കൽ തുടങ്ങിയ പുസ്തകങ്ങളാണ് ഈയടുത്ത കാലത്ത് ഏറ്റവും കൂടുതൽ വിറ്റത്. ഖസാക്കിന്റെ ഇതിഹാസം ഇപ്പോഴും വാങ്ങുന്നവരുണ്ട്.
നല്ല പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞതും കുറേ എഴുത്തുകാരുമായി ബന്ധമുണ്ടായതും ഒരുപാട് വായനക്കാരെ കിട്ടിയതുമെല്ലാം ഇക്കാലത്തിനിടക്ക് കിട്ടിയ നല്ല ഓർമകളാണെന്ന് ശശി പറയുന്നു. എന്നാൽ, പുസ്തകങ്ങൾ വിൽക്കാൻ പോയതിന് ഇറക്കിവിട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടന്മാരായ മമ്മൂട്ടിക്കും മുരളിക്കും ശശി പുസ്തകങ്ങൾ നൽകിയിട്ടുണ്ട്. വി.കെ.എൻ, നിത്യചൈന്യയതി എന്നിവരുമായി അടുപ്പമുണ്ടായിരുന്നു. സുനിൽ പി. ഇളയിടം, കെ.ആർ. മീര, ടി.ഡി. രാമകൃഷ്ണൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്നിവരുമായും സൗഹൃദമുണ്ട്. ഓർമകളും അനുഭവങ്ങളും കൊരുത്ത് 2009ൽ പകർച്ച: നീയറിയുന്നോ വായനക്കാരാ എന്ന പേരിലും വിവർത്തനങ്ങളും കഥകളുമായി 2022ൽ ഭസ്മാസുരൻ എന്ന പേരിലും സ്വന്തമായി സൃഷ്ടികൾ പുറത്തിറക്കി. ഭാര്യ ജയലക്ഷ്മിയും മകൻ നിരൂപും ശശിക്ക് പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.