വഴി നഷ്ടപ്പെട്ട പട്ടികജാതി വീടുകൾ; തിരിച്ചുപിടിക്കാൻ വഴിതേടി നഗരസഭ
text_fieldsപാലക്കാട്: വഴിയില്ലാതെ അനുവദിക്കപ്പെട്ട ഭൂമിയിൽ കുടുങ്ങിപ്പോയ പട്ടിക ജാതിക്കാർക്ക് വേണ്ടി കൗൺസിലർമാർ പരസ്പരം പഴിചാരി, പോരടിച്ചു; ഒടുവിൽ ഒന്നിച്ചുനിന്നു. ഒടുവിൽ പട്ടികജാതിക്കാര്‍ക്ക് വഴി ഉണ്ടെന്ന് കബളിപ്പിച്ച് വീട് നിര്‍മിക്കാൻ സ്ഥലം വിട്ടുനല്‍കിയ ഉടമസ്ഥര്‍ക്കെതിരെയും വഴി കവർന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കാനും ആർ.ഡി.ഒക്ക് പരാതി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. വഴിയില്ലാതെ പെരുവഴിയിലായ പാറക്കുളത്തുകാരുമൊത്ത് നഗരസഭയിൽ കുത്തിയിരിക്കുമെന്ന പ്രതിപക്ഷ കൗൺസിലർ എ. കൃഷ്ണന്റെ വാക്കുകളിൽ ചൊടിച്ച് ബി.ജെ.പി കൗൺസിലർമാരായ ഇ കൃഷ്ണദാസ്, എൻ. ശിവരാജൻ, സ്മിതേഷ് എന്നിവർ രംഗത്തെത്തി. യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന കാലത്തുണ്ടായ അഴിമതിയാണ് കാരണമെന്നായിരുന്നു ഇവരുടെ എതിർവാദം. മറുഭാഗത്ത് ഡി. ഷജിത്ത് കുമാർ, മുഹമ്മദ് ബഷീർ, സെയ്തുമീരാൻ, സാജോ ജോൺ, കെ. മൻസൂർ, ഹസനുപ്പ തുടങ്ങിയവരും രംഗത്തിറങ്ങി. അതേസമയം, റിയൽ എസ്റ്റേറ്റ്-ഭൂ മാഫിയയുടെ ഇടപെടലാണ് ഇതിന് കാരണമെന്നും ഭൂമി തിരിച്ചെടുത്ത് വഴിയൊരുക്കണമെന്ന പൊതുതീരുമാനത്തിൽ എത്തുകയുമായിരുന്നു.
‘മോശം വാക്കിൽ’ നഗരസഭ യോഗം സ്തംഭിച്ചു
പാലക്കാട്: പട്ടിക ജാതി വീടുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസിന്റെ വായിൽ നിന്നുവീണ ‘മോശം വാക്കിൽ’ അൽപനേരം നഗരസഭ യോഗം സ്തംഭിച്ചു. പട്ടിക ജാതി വീടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന കാലത്തുണ്ടായ അഴിമതി സൂചിപ്പിക്കവേയായിരുന്നു ‘പ്രയോഗം’. ഉടനെ യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി ചെയർപേഴ്സനെ ഉപരോധിച്ചു. ഇരുഭാഗത്തുനിന്നും പ്രകോപനമുണ്ടായെന്ന ചെയർപേഴ്സന്റെ പ്രതികരണം പ്രതിപക്ഷ കൗൺസിലർമാരെ കൂടുതൽ ചൊടിപ്പിച്ചു. ഒടുവിൽ മോശം പ്രതികരണങ്ങളും വാക്കുകളും കൗൺസിലർമാർ ഒഴിവാക്കണമെന്ന് പറഞ്ഞ് ചെയർപേഴ്സൻ തടിയൂരി.
പ്ലക്കാർഡുയർത്തി ഗാലറിയിൽ പ്രതിഷേധം
പാലക്കാട്: മീൻ മാർക്കറ്റിനോട് ചേർന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ നഗരസഭ കൗൺസിൽ നടക്കുന്നയിടത്ത് ഗാലറിയിലിരുന്ന് പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളികൾ പ്രക്ഷുബ്ദാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ പൊലീസിനെ വിളിക്കുമെന്ന് ചെയർമാൻ പ്രമീള ശശിധരൻ മുന്നറിയിപ്പ് നൽകിയിട്ടും പോകാൻ കൂട്ടാക്കിയില്ല. സെക്രട്ടറിയെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. അൽപനേരം കഴിഞ്ഞ് അവർ മടങ്ങിയതോടെ കോൺഗ്രസുകാരാണ് പ്രതിഷേധക്കാരെ എത്തിച്ചതെന്ന് ചെയർമാൻ കുറ്റപ്പെടുത്തി. സമരം പ്രഖ്യാപിക്കുകയാണെങ്കിൽ ചെയർമാനെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഗോൾഡൻ പാലസ് മുതൽ ശകുന്തള ജങ്ഷൻ വരെയുള്ള റോഡ് ബിറ്റുമിൻ- മെക്കാഡം (ബി.എം.ബി.സി) ടാറിങ്ങിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്നും പ്രതിഷേധത്തിന്റെ ആവശ്യമില്ലായിരുന്നെന്നും പറഞ്ഞു.
കെട്ടിട നികുതി വെട്ടിപ്പ് കണ്ടെത്താൻ സമിതി
പാലക്കാട്: ഒരേ കെട്ടിട നമ്പര്‍ ഉപയോഗിച്ച് രണ്ടും മൂന്നുനിലകളിലായി നഗരത്തില്‍ നിരവധി കടകള്‍ പ്രവര്‍ത്തിച്ച് കെട്ടിട നികുതിയിൽ നടത്തുന്ന തട്ടിപ്പ് കണ്ടെത്താൻ കൗണ്‍സിലര്‍മാരും ജീവനക്കാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപവത്കരിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയ തുറന്നുകൊടുക്കാത്ത മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനെതിരെ കൗൺസിലർമാർ പ്രതിഷേധിച്ചു. ഉടൻ തുറന്നുകൊടുക്കുമെന്ന് ചെയര്പേഴ്സൻ അറിയിച്ചു. നഗരസഭ മുഖ്യകവാടത്തിന് മുമ്പിൽ അപകടങ്ങൾ തുടർക്കഥയാവുന്നത് തടയാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് കൗൺസിലർ എം. സുലൈമാൻ ആവശ്യപ്പെട്ടു. പൈപ്പ് നന്നാക്കുന്നതിനായി വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച തിരുനെല്ലായി-മേഴ്സി കോളജ് റോഡില്‍ അപകടങ്ങള്‍ പതിവാണെന്നും നന്നാക്കാണമെന്നാവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.