സ്കൂള്‍ ബസ് പരിശോധന തുടരുന്നു
text_fieldsപാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 978 സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായതായി ആര്.ടി.ഒ ടി.എം. ജെഴ്സണ് അറിയിച്ചു. ജില്ലയിലാകെ രണ്ടായിരത്തോളം സ്കൂള്‍ ബസുകളാണുള്ളത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിലവിലുള്ള കാലാവധി കഴിയാത്ത വാഹനങ്ങളും ഫിറ്റ്നസ് ലഭിക്കാൻ അറ്റകുറ്റപ്പണി നടത്തുന്ന വാഹനങ്ങളുമാണ് പരിശോധനക്ക് എത്താത്തത്. പരിശോധനയിൽ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 35 വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം, സ്പീഡ് ഗവര്‍ണര്‍, എമര്‍ജന്‍സി എക്സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണ് പരിശോധിക്കുക. പ്രീ-മണ്‍സൂണ്‍ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയര്‍, വൈപ്പര്‍, മെക്കാനിക്കല്‍ ഫിറ്റ്നസ് എന്നിവയും പരിശോധിക്കുന്നുണ്ട്. എയര്‍ ഹോണ്‍ അനുവദിക്കില്ല, പരമാവധി 50 കിലോമീറ്റര്‍ വേഗതയിലേ സഞ്ചരിക്കാവൂ, വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തണം, സ്കൂള്‍ ബസുകളില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേർ മാത്രം ഇരിക്കുക, കുട്ടികളെ നിര്‍ത്തിക്കൊണ്ട് പോകരുത് തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിശോധനക്ക് വിധേയമാക്കുക.
ജില്ലയിലെ സബ് ആര്.ടി.ഒ ഓഫിസുകള്‍ മുഖേനയാണ് പരിശോധന നടക്കുന്നത്. വാഹനത്തിന്റെയും കുട്ടികളുടെ രക്ഷിതാക്കളുടെയും പേരും ഫോൺ നമ്പറും ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റര്‍ ഉണ്ടാകണം. ഓണ്‍ ഡ്യൂട്ടി ബോര്‍ഡ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വെള്ള നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും യൂണിഫോം നിര്‍ബന്ധമാണെന്നും ആര്.ടി.ഒ പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് പുറമേ ആയമാരും ബസില്‍ ഉണ്ടായിരിക്കണം. സ്കൂള്‍ ബസുകള്‍ക്ക് പുറമെ മറ്റു വാഹനങ്ങളുടെ സ്ഥിരം പരിശോധനയും ആര്.ടി.ഒയുടെ നേതൃത്വത്തില്‍ തുടരുന്നുണ്ട്. സ്ഥിരം പരിശോധനയുടെ ഭാഗമായി സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, അമിതവേഗം, അമിതഭാരം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.
പരിശോധനകള്‍ക്ക് പുറമെ സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 1165 ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ലാസ് നല്കി. പാലക്കാട് ആര്.ടി.ഒ ഓഫിസിന്റെയും സബ് ആര്.ടി.ഒ ഓഫിസുകളുടെയും നേതൃത്വത്തിലാണ് പരിശീലന ക്ലാസ് നല്‍കിയത്.
ഓട്ടോകളില്‍ കുട്ടികളെ അധികമായി കയറ്റുന്നത് തടയാന്‍ പരിശോധന
പാലക്കാട്: ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും അധികമായി സ്കൂള്‍ കുട്ടികളെ കയറ്റുന്നത് തടയാന്‍ സ്പെഷല്‍ ഡ്രൈവ് നടത്തുമെന്ന് ആര്.ടി.ഒ ടി.എം. ജേഴ്സണ് അറിയിച്ചു. ഓട്ടോകളില്‍ 12 വയസ്സിന് മുകളിലുള്ള മൂന്ന് കുട്ടികളെയും 12ന് താഴെയാണെങ്കില്‍ ആറ് കുട്ടികളെയുമാണ് അനുവദിക്കുക. കൂടുതല്‍ കുട്ടികളെ കയറ്റുന്നത് തടയാന്‍ മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആര്.ടി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.