അന്നമൂട്ടുന്നവർക്കും പറയാനുണ്ട് ഏറെ; കേൾക്കണം അവരെയും
text_fieldsപാലക്കാട്: അന്നമൂട്ടുന്നവർ ദൈവതുല്യരാണെന്നാണ് ചൊല്ല്. എന്നാൽ നിത്യവും നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് അന്നമൂട്ടുന്നവർ പ്രാരബ്ധത്തിലും ബുദ്ധിമുട്ടിലുമാണ് ജീവിതം തള്ളിനീക്കുന്നത്. അവരുടെ പ്രയാസങ്ങൾ ബന്ധപ്പെട്ടവർ കേൾക്കുന്നില്ലെന്നാണ് പരാതി. 600 രൂപ ദിവസക്കൂലിക്ക് പണിയെടുക്കുന്ന സ്കൂൾ പാചകത്തൊഴിലാളികൾക്ക് ആ തുക പോലും കൃത്യമായി കിട്ടുന്നില്ല.
ഏഴ് രൂപ ദിവസവേതനത്തിന് 32 വർഷം മുമ്പ് സ്കൂൾ പാചകത്തൊഴിലാളിയായി ജോലി ആരംഭിച്ച ഒ. ലീലാവതി ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ്. പേരൂർ എയ്ഡഡ് സീനിയർ ബേസിക് സ്കൂളിലാണ് ലീലാവതി പാചകത്തൊഴിലാളിയായി പ്രവർത്തിക്കുന്നത്. 64 വയസുള്ള ഇവർ രാവിലെ എട്ടു മുതൽ വൈകുന്നേരം വരെ ഒറ്റക്കാണ് 460 ഓളം കുട്ടികൾക്ക് ആഹാരം തയാറാക്കുന്നത്.
കഴിഞ്ഞവർഷം വരെ സഹായത്തിനായി തന്റെ കൈയിൽനിന്ന് പണം കൊടുത്ത് ആളെ വച്ചിരുന്നെങ്കിലും ഇപ്പോൾ അതില്ല. ചോറും സാമ്പാറും ഉപ്പേരിയുമാണ് കുട്ടികൾക്ക് നൽകുന്നത്.
ഓരോ ദിവസവും കറികളും ഉപ്പേരിയും മാറ്റമുണ്ടാകും. ഇവക്കുള്ള പച്ചക്കറികൾ അരിയുന്നതും ചോറ് വെക്കുന്നതും വാർക്കുന്നതും പാത്രങ്ങൾ കഴുകുന്നതുമെല്ലാം തനിച്ചാണ്. ഉച്ചക്ക് 12.30 ആകുമ്പോഴേക്കും എല്ലാം തയാറാക്കണം. രാവിലെ മുതൽ വൈകീട്ട് വരെ കഷ്ടപ്പെട്ടാലും തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ വേതനമില്ല. വർഷത്തിൽ രണ്ട് തവണ ആരോഗ്യ പരിശോധന നടത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. ഇതിനും നല്ലൊരു തുക ചെലവാകും.
എന്നാൽ അതിനുള്ള തുകയും കൈയിൽനിന്നു തന്നെ എടുക്കേണ്ട അവസ്ഥയാണെന്ന് ലീലാവതി പറഞ്ഞു. ചില സ്കൂളുകളിൽ പാചകത്തിനു പുറമേ തൊഴിലാളികളെ കൊണ്ട് സ്കൂൾ ശുചീകരണം ഉൾപ്പെടെയുള്ള മറ്റു പണികളും ചെയ്യിപ്പിക്കാറുണ്ടെന്ന് പറയുന്നു. ജോലി പോകുമെന്ന പേടിയിൽ തൊഴിലാളികൾ അതും ചെയ്യാറുണ്ട്. നിലവിൽ തൊഴിലാളികൾക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.
500 വിദ്യാർഥികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തനം. ഇത് 250 വിദ്യാർഥികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതത്തിൽ നടത്തണമെന്ന് യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഉത്തരവിറക്കിയിരുന്നു. എന്നാൽ പിന്നീട് എൽ.ഡി.എഫ് സർക്കാർ ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സംസ്ഥാനത്താകെ 14,000ത്തോളം അംഗീകൃത സ്കൂൾ പാചകത്തൊഴിലാളികളാണുള്ളത്.
പബ്ലിക് ഹിയറിങ്ങിലും കേട്ടില്ലെന്ന് പരാതി
സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങളും വിഷമങ്ങളും മനസ്സിലാക്കാനായി കമീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ വനിതാ കമീഷൻ നടത്തിയ പബ്ലിക് ഹിയറിങ്ങിൽ ഇടത് അനുകൂല സംഘടനകളുടെ പ്രതിനിധികളെ മാത്രം കേട്ടെന്ന് ആരോപണം. എ.ഇ.ഒ ഓഫിസുകൾ മുഖേന തെരഞ്ഞെടുത്ത സ്കൂളുകളിൽനിന്നുള്ള ഇടതു സംഘടനകളിലെ പ്രതിനിധികളെ മാത്രമാണ് സംസാരിക്കാൻ അനുവദിച്ചതെന്നും വേതന വർധനവ് ഉൾപ്പെടെയുള്ള തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ സമ്മതിച്ചില്ലെന്നും സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) മുൻ സംസ്ഥാന പ്രസിഡന്റ് ഒ. ലീലാവതി പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കുറച്ച് തൊഴിലാളികൾ ഹിയറിങ്ങിൽനിന്ന് ഇറങ്ങിപ്പോയി.
വിരലിലെണ്ണാവുന്ന പുരുഷ പാചകത്തൊഴിലാളികളും യോഗത്തിൽ പങ്കെടുത്തു. പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിൽ നടത്തിയ ഹിയറിങ്ങിൽ വി.പി. പ്രിയ അധ്യക്ഷത വഹിച്ചു. വനിതാ കമിഷൻ റിസർച്ച് ഓഫിസർ എ.ആർ. അർച്ചന, ഉമാദേവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.