മഴയിൽ ചൂട് പിടിച്ച് സ്കൂൾ വിപണി
text_fieldsപാലക്കാട്: മേയ് അവസാന വാരത്തോടടുക്കുമ്പോഴേക്കും സ്കൂൾ വിപണിക്ക് തിരക്കേറുകയാണ്. ട്രെൻഡിനൊപ്പം മുന്നേറുന്ന സ്കൂൾ വിപണിയാണ് കുട്ടികളെ ആകർഷിക്കുന്നതിനായി കാത്തിരിക്കുന്നത്. ഡോറയും ബുജിയും സ്പൈഡർമാനുമടങ്ങുന്ന കൂട്ടരാണ് ഇത്തവണയും താരങ്ങൾ. ബാഗ് മുതൽ പേന വരെയുള്ള എല്ലാ സാധങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഒരു കുട്ടിയെ സ്കൂളിൽ വിടുന്നതിനായി നല്ലൊരു തുക ചെലവഴിക്കേണ്ടതായി വരുന്നു. ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു. എൽ.കെ.ജി മുതൽ കോളജ് വിദ്യാർഥികളുടെ ബാഗുകൾ വരെ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. 295 രൂപ മുതൽ എൽ.കെ.ജി ബാഗുകളും മറ്റു ബാഗുകൾ 695 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ബ്രാൻഡുകൾക്കനുസരിച്ച് വിലയിൽ മാറ്റമുണ്ട്. കുട്ടികളുടെ ബാഗിൽ കേമൻ സ്കൂബീ ഡേ തന്നെയാണ്. ബാഗിനൊപ്പം കുട്ടികളെ ആകർഷിക്കുന്നതിനായി നെയിം സ്ലിപ്, ടോയ് മുതലായവ സൗജന്യമായി നൽകുന്നു.
295 രൂപ മുതലാണ് കുടകളുടെ വില ആരംഭിക്കുന്നത്. പോപ്പിയും ജോൺസും തന്നെയാണ് താരങ്ങൾ. പല നിറങ്ങളിൽ തയാറാക്കിയിരിക്കുന്ന കുടകൾ കുട്ടികളെ വലിയ തോതിൽ ആകർഷിക്കുന്നു. മഴക്കാലമായതിനാൽ കുടയുടെ ഡിമാൻഡ് ഇനിയും ഉയരും. കുടയോടൊപ്പം റെയിൻ കോട്ടുകൾക്കും ഡിമാൻഡുണ്ട്. പുതിയ വ്യത്യസ്തതകളിൽ ബോക്സും വാട്ടർ ബോട്ടിലും വ്യത്യസ്ത തരം പേനയും പെൻസിലുമൊക്കെ അടങ്ങുന്ന മറ്റൊരു നിര തന്നെ കുട്ടികളെ കാത്തിരിക്കുന്നു. മേയ് ആദ്യവാരങ്ങളിൽ അടഞ്ഞുകിടന്ന സ്കൂൾ വിപണി രണ്ടാഴ്ചത്തോളമായി തിരക്ക് തന്നെയാണ്. ജൂൺ ആദ്യവാരം വരെ വിപണി സജീവമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.