ഈ അധ്യയന വർഷത്തിലും ലോക്കായി സ്കൂൾ വിപണി
text_fieldsപാലക്കാട്: ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ പുത്തനുടുപ്പും ബാഗുമില്ലാതെ ഈ അധ്യയന വർഷവും ഓൺലൈൻ ആകുമെന്ന്് ഉറപ്പായി. ഇതോടെ തുടർച്ചയായി രണ്ടാം വർഷവും സ്കൂൾ വിപണി നഷ്ടങ്ങളിലേക്ക്. കഴിഞ്ഞ വർഷം സ്കൂളുകൾ അടഞ്ഞു കിടന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മേഖലയിലുണ്ടായത്.
ഇത്തവണയും സ്കൂൾ തുറക്കാൻ സാധ്യതയില്ലാത്തതിനാൽ വരുമാനമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് വ്യാപാരികൾ. സാധാരണ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ സ്കൂൾ വിപണി സജീവമാകുന്നതാണ്. കഴിഞ്ഞ തവണ എത്തിച്ച സാധനങ്ങൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ബാഗ്, പേന, പെൻസിൽ, നോട്ടുപുസ്തകം, തുണിത്തരങ്ങൾ, കുട, ചെരിപ്പ്, ഷൂ തുടങ്ങിയവയാണ് സജീവമാകുന്ന വിപണികൾ. ചൈനയിൽനിന്ന് കുട്ടികളെ ആകർഷിക്കുന്ന വിവിധ സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. കോവിഡ് കാരണം അവിടെനിന്നുള്ള ഇറക്കുമതി നിലച്ചു.
ജില്ലയിൽ 350ഓളം ബാഗ് നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് നഗരത്തിൽ മാത്രം 50ലധികം ഇത്തരം യൂനിറ്റുകളുണ്ട്. ഇവയെല്ലാം കോവിഡിൽ പൂട്ടി. ബാങ്കിൽനിന്ന് വായ്പ തരപ്പെടുത്തിയാണ് പലരും ചെറുകിട നിർമാണ യൂനിറ്റുകൾ ആരംഭിച്ചത്. തിരിച്ചടവ് മുടങ്ങിയതോടെ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.