അക്ഷരമുറ്റം നാളെ തുറക്കും
text_fieldsപാലക്കാട്: തിങ്കളാഴ്ച അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഒരുക്കം പലതും പാതി വഴിയിൽ. യൂനിഫോം വിതരണം പൂർത്തിയായിട്ടില്ല. അതേസമയം, പാഠപുസ്തക വിതരണം പൂർത്തിയായിട്ടുണ്ട്. സ്കൂളുകളിൽ അധ്യാപകരുടെയുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ശുചീകരണം ഉൾപ്പെടെ നടത്തുന്നത്. കൂടാതെ സന്നദ്ധ-യുവജന സംഘടനകളും സജീവമായി രംഗത്തുണ്ട്.
രണ്ട് ഘട്ടങ്ങളിലായുള്ള പരിശീലനം കഴിഞ്ഞതോടെ മേയ് 25 ഓടെ സ്കൂൾ മുന്നൊരുക്കങ്ങൾക്കായി തയാറെടുക്കാൻ സ്കൂൾ പ്രധാനാധ്യാപകർക്ക് ജില്ല വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ജില്ല തലം മുതൽ വാർഡ് തലം വരെ പ്രവേശനോത്സവം ഗംഭീരമാക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധനയും സുരക്ഷ ഒരുക്കങ്ങളും വിലയിരുത്തി.
യൂനിഫോം വിതരണം പൂർത്തിയായില്ല; പുസ്തകവിതരണം പൂർത്തിയായി
പാലക്കാട്: മധ്യവേനലവധിക്കു ശേഷം സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമ്പോഴും ജില്ലയിൽ യൂനിഫോം വിതരണം പൂർത്തിയായത് പകുതി മാത്രം. ജില്ലയിലാകെ 50.5 ശതമാനം യൂനിഫോമാണ് ഇതുവരെ വിതരണം ചെയ്തത്. ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സൗജന്യ യൂണിഫോം നൽകുന്നത്. കണ്ണൂരിലെ സർക്കാർ ഹാൻഡ് വീവിൽനിന്നുമാണ് യൂനിഫോം എത്തുന്നത്. ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് യൂനിഫോം തുണിയും അഞ്ച് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒരു ജോഡി യൂനിഫോമിന്റെ തുകയുമാണ് നൽകുന്നത്. എ.ഇ.ഒ ഓഫിസുകളിൽ എത്തിക്കുന്ന യൂനിഫോമുകൾ അവിടെനിന്നാണ് സ്കൂളുകൾക്ക് നൽകുന്നത്.
അതേസമയം, ജില്ലയിലെ പുസ്തകവിതരണം പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിലാകെ 28,43,811 പുസ്തകങ്ങളാണ് വിതരണത്തിനെത്തിയത്. ഇതിൽ സർക്കാർ, എയ്ഡഡ് മേഖലയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. എയ്ഡഡ് മേഖലയിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും തിങ്കളാഴ്ചയോടുകൂടി പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു. തമിഴ് മീഡിയം വിദ്യാർഥികൾക്കുള്ള ചില പുസ്തകങ്ങൾ മാത്രമാണ് വരാനുണ്ടായിരുന്നത്. അവ ശനിയാഴ്ച ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തി. ഇവിടെനിന്നും സ്കൂളുകൾക്ക് വിതരണം നടത്തുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.