കാഴ്ചയിൽ സ്കൂട്ടർ; ആദിത്തിന്‍റെ 'ചേസൈ' നാട്ടിലെ ഹീറോ
text_fieldsപെരിങ്ങോട്ടുകുറുശ്ശി (പാലക്കാട്): സ്കൂട്ടർ ഓടിക്കാനുള്ള ഒമ്പതാം ക്ലാസുകാരെൻറ അതിയായ മോഹത്തിനൊടുവിൽ പിറവിയെടുത്തത് വാഹന കമ്പനികൾക്ക്പോലും കേട്ടുകേൾവിയില്ലാത്ത പുതിയ ഒരിനം. പെരിങ്ങോട്ടുകുറുശ്ശി ചൂലന്നൂർ സ്വദേശിയായ ആദിത്താണ് സ്കൂട്ടർ ഓടിക്കാൻ പ്രായം തടസ്സമായപ്പോൾ നാട്ടിലെ താരമായ 'ചേസെ'ക്ക് ജന്മം നൽകിയത്.
കാഴ്ചക്ക് സ്കൂട്ടറാണെങ്കിലും നിരവധി പ്രത്യേകതകളുണ്ടിതിന്. പെട്രോൾ വേണ്ട, രജിസ്ട്രേഷൻ വേണ്ട, ഇൻഷുറൻസ് അടക്കേണ്ട. ചേതക് സ്കൂട്ടറിെൻറ മുൻവശവും പഴയ സൈക്കിളിെൻറ പിൻവശവും കൂട്ടിച്ചേർത്ത് നിർമിച്ച ചേതക്ക് സൈക്കിളിന് 'ചേസൈ' എന്ന ചുരുക്കപ്പേര് നൽകിയതും ആദിത്താണ്.
ചേസെ ഒറ്റനോട്ടത്തിൽ സ്കൂട്ടറാണെന്നേ തോന്നൂ. പിൻവശം കണ്ടാലേ ധാരണ തിരുത്താനാകൂ. നാട്ടുകാർക്ക് മാത്രമല്ല, ചെറിയ ചെക്കൻ ചെത്തിപ്പൊളിച്ച് വരുന്നത് കണ്ട് പൊലീസുകർക്ക് വരെ അമളി പറ്റിയിട്ടുണ്ട്. കൈ കാണിച്ചു നിർത്തി പരിശോധിക്കുമ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്.
സൈക്കിൾ നിർമിക്കാൻ 7,000 രൂപ ചെലവായെന്ന് ആദിത് പറഞ്ഞു. ചേസൈയിൽ സംസ്ഥാനം ചുറ്റണമെന്ന തീരുമാനത്തിലാണ് ചൂലന്നൂർ മുരളികയിൽ മുരളീധരെൻറയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സനായ സുചിതയുടെയും മകനായ ആദിത്. മായന്നൂർ ജവഹർ നവോദയ സ്കൂൾ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.