കള്ളക്കേസ് ചുമത്തി അമീറലിയെ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കള്ളക്കേസ് ചുമത്തി സംസ്ഥാന സമിതിയംഗം എസ് പി അമീറലിയെ അറസ്റ്റുചെയ്ത പാലക്കാട് പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ. സാമൂഹിക വിഷയങ്ങളിലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലും നിരന്തരം ഇടപെടുന്ന അമീറലിയെ പാലക്കാട് പൊലീസ് പല തവണ ലക്ഷ്യം വെച്ചിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ചൂണ്ടികാണിച്ചു.
സജീവമായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും സംബന്ധിക്കുന്ന പൊതുപ്രവര്‍ത്തകനെ ഒരു അപകടവുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിക്കുകയും തന്ത്രപരമായി കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് റോയ് ആരോപിച്ചു.
സംസ്ഥാനത്ത് ജനകീയ പൊലീസ് സ്റ്റേഷനുകള്‍ മൂന്നാംമുറകളുടെയും അപരിഷ്‌കൃത മര്‍ദ്ദന മുറകളുടെയും ഇടിമുറികളായി മാറിയെന്ന ആക്ഷേപത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് നിരപരാധികളെ അറസ്റ്റുചെയ്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. അക്രമസംഭവങ്ങളിലൊന്നും യാതൊരു ബന്ധവുമില്ലാത്തവരെ പോലും അറസ്റ്റുചെയ്തു തടവിലാക്കി സംഘപരിവാര ദാസ്യം തുടരുകയാണ് പൊലീസ്. ആര്‍എസ്എസ്സുകാര്‍ പ്രതികളായ കൊലപാതക കേസുകളില്‍ നാമമാത്രമായവരെ മാത്രം പ്രതിയാക്കി ഗൂഢാലോചനയോ ആസൂത്രണമോ അന്വേഷിക്കാതെ ആര്‍എസ്എസ്സിനു വിടുപണി ചെയ്യുന്ന പൊലീസ് മറ്റു സംഭവങ്ങളില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ പ്രതികളാക്കുകയാണെന്ന് റോയ് ആരോപിച്ചു.
നിരപരാധികളെ വേട്ടയാടുന്നതില്‍ നിന്ന് പൊലീസിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത അമീറലിയെ ഉടന്‍ വിട്ടയക്കണമെന്നും പൊലീസ് രാജിനെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം ശക്തമാക്കുമെന്നും റോയ് അറയ്ക്കല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.