പുതുശ്ശേരിയിൽ വിഭാഗീയത രൂക്ഷം: സമവായം തേടി സി.പി.എം
text_fieldsപാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സി.പി.എം പുതുശ്ശേരി ഏരിയ സമ്മേളനം മാറ്റിെവച്ചതിന് പിന്നാലെ സമവായസാധ്യതകൾ ആരാഞ്ഞ് നേതൃത്വം. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത രൂക്ഷമായതോടെയാണ് ഏരിയ സമ്മേളനം മാറ്റിെവച്ചത്. വാളയാർ-എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏരിയ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പാർട്ടി വിലയിരുത്തൽ.
നവംബർ 27, 28 തീയതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിഭാഗീയത രൂക്ഷമായ കമ്മിറ്റിയായാണ് പാർട്ടി പുതുശ്ശേരിയെ കാണുന്നത്.
പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കാനുള്ള തീരുമാനം നേരത്തേ പാർട്ടി റദ്ദാക്കിയിരുന്നു. വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം സമ്മേളനങ്ങളില്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്നാണ് ജില്ല നേതൃത്വം തീരുമാനം റദ്ദാക്കിയത്. വാളയാര്‍ ലോക്കല്‍ സമ്മേളനത്തിൽ അംഗങ്ങൾ പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ ആയിരുന്നു പ്രതിഷേധം. എലപ്പുള്ളി ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാക്കാനായില്ല. പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴില്‍ രൂക്ഷമായ വിഭാഗീയതയാണ് പരസ്യ വിഴുപ്പലക്കലിലേക്ക് എത്തിയതെന്ന് മലമ്പുഴ എം.എല്‍.എ എ. പ്രഭാകരന് സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നു.
എലപ്പുള്ളി, വാളയാര്‍ ലോക്കല്‍ കമ്മിറ്റിക്കൊപ്പം കണ്ണാടി, പൊല്‍പ്പുള്ളി, മരുതറോഡ് ഏരിയാ കമ്മിറ്റികളും വിഭജിക്കേണ്ടെന്നും ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രാമകൃഷ്ണന്, ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എന്‍. സുരേഷ്ബാബു എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.