വേഗപരിധി കൂട്ടി വില്പന; നാല് ഇലക്ട്രിക് സ്കൂട്ടർ കടകള്‍ക്ക് നോട്ടീസ്
text_fieldsപാലക്കാട്: ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങളുടെ വേഗപരിധി കൃത്രിമമായി വര്‍ധിപ്പിച്ച് വില്പന നടത്തിയ ജില്ലയിലെ നാല് സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. നിശ്ചിത വേഗപരിധിയും ശേഷിയും മാത്രമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷനില്‍നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാല്‍, ഇത്തരം വാഹനങ്ങള്‍ക്ക് നിശ്ചിത പരിധിയില്‍ കൂടുതല്‍ ശേഷിയും കരുത്തും നല്കി വില്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തൊന്നാകെ നടന്ന പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച പാലക്കാട് ടൗണില്‍ അഞ്ച് കടകളില്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ജയേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് നാല് കടകളില്‍ കൃത്രിമം കണ്ടെത്തിയത്.
ഈ നാല് കടകളിലും വാഹനങ്ങളുടെ വില്പന നിര്‍ത്തിവെക്കാന്‍ നോട്ടീസും നല്കി. 0.25 കിലോ വാർട്സില്നിന്ന് ഒരു കിലോ വാര്ട്സിലേക്ക് മോട്ടോറിന്റെ ശേഷി വര്‍ധിപ്പിക്കുകയും വേഗപരിധി മണിക്കൂറില്‍ 25 കിലോമീറ്റര്‍ പരിധിയില്‍നിന്ന് 45 കിലോമീറ്റര്‍ ആയി വരെ ഉയര്‍ത്തിയാണ് വില്പന നടത്തുന്നത്. ഇത്തരത്തില്‍ വാഹനങ്ങളുടെ പരിധി ഉയര്‍ത്തിയാല്‍ റോഡ് സുരക്ഷയെ ബാധിക്കുമെന്നും അപകടമുണ്ടായാല്‍ വാഹനമോടിക്കുന്നവര്ക്കടക്കം ഗുരുതര പരിക്കേല്‍ക്കാൻ സാധ്യതയുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇത്തരത്തില്‍ കൃത്രിമം കാണിച്ച് വാഹനം വില്പന നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ജയേഷ് കുമാര്‍ പറഞ്ഞു. എം.വി.ഐ ജോഷി തോമസ്, എ.എം.വി.ഐമാരായ അനില്‍കുമാര്‍, പ്രദീപ്, ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.