ദ്രുത കർമ സേനയുടെ ഏഴു മണിക്കൂർ പരിശ്രമം; കാട്ടാനകളെ വനാന്തരത്തിലെത്തിച്ചു
text_fieldsകൊല്ലങ്കോട്: ജനങ്ങളെ വിറപ്പിച്ച് കൃഷിനാശം വരുത്തിയ കാട്ടാനകളെ ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വനാന്തരത്തിലെത്തിച്ച് ദ്രുതകർമ സേന. ചീളക്കാട്, മാത്തൂർ കള്ളിയമ്പാറ, ശുക്രിയാൽ തീ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന കാട്ടാനകളെയാണ് കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസർ കെ. പ്രമോദിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമസേന ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഒന്നിച്ചുള്ള ദൗത്യത്തിലൂടെ കാട്ടിലേക്ക് കടത്തി വിട്ടത്. നാലിലധികം ആനകളാണ് രണ്ട് സംഘങ്ങളായി പ്രദേശത്തെ കൃഷിയിടങ്ങൾ നശിപ്പിച്ചത്. രണ്ടാഴ്ചയായി 40ലധികം തെങ്ങുകളും 20ലധികം കവുങ്ങുകളും ഒരേക്കറിലധികം നെൽപ്പാടവും കാട്ടാനകൾ നശിപ്പിച്ചിരുന്നു. കൂടാതെ പമ്പ് സെറ്റുകൾ, പൈപ്പുകൾ, മോട്ടോർ ഷെഡുകൾ എന്നിവയും നശിപ്പിച്ചു.
ദ്രുതകർമസേന കൊല്ലങ്കോട് സെക്ഷൻ ജീവനക്കാർ സംയുക്തമായി ഏഴ് മണിക്കൂർ പരിശ്രമിച്ചാണ് ആനകളെ കാട് കയറ്റിവിട്ടത്. കൊല്ലങ്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ കെ. പ്രമോദ്, ദ്രുതകർമസേന സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി. തരുഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ഗോപി, ആർ. അശോക് കുമാർ, ജി. ഉല്ലാസ്, ബിൻസി മോൾ, നീതു സി. കണ്ണൻ എന്നിവരടങ്ങുന്ന 25 അംഗസംഘമാണ് ആനകളെ വനാന്തരത്തിലെത്തിച്ചത്. കൃഷിസ്ഥലത്തേക്കും ജനവാസ മേഖലയിലേക്കും എത്താതിരിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.