കാരാകുർശ്ശി പേപ്പട്ടി ഭീതിയിൽ;ഏഴുപേർക്ക് കടിയേറ്റു
text_fieldsകാരാകുർശ്ശി: ഗ്രാമപഞ്ചായത്തിലെ പള്ളിക്കുറുപ്പ് പ്രദേശത്ത് പേപ്പട്ടിയുടെ പരാക്രമം. ഏഴുപേർക്ക് കടിയേറ്റു. പള്ളിക്കുറുപ്പ് സ്വദേശികളായ പാലേങ്ങൽ ഹമീദ്, ചൂരനൂട്ടിൽ രവീന്ദ്രൻ നായർ, കൃഷ്ണകുമാരി, ടി.കെ. ജുമൈല, കെ.വി. അബ്ദുൽ റഹിമാൻ, തങ്കമണി കുറിയപള്ളിയാൽ, രാധാകൃഷ്ണൻ മുണ്ടംപോക്കിൽ എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
പാടവരമ്പിലും നാട്ടിൻപുറങ്ങളിലും നടന്നുപോകുന്നവർക്കാണ് കടിയേറ്റത്. ഭൂരിഭാഗം പേർക്കും പേപ്പട്ടിയുടെ ചാടിയുള്ള ആക്രമണത്തിൽ മുഖത്തും കൈക്കുമാണ് പരിക്കേറ്റത്. കടിയേറ്റവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പ്രതിരോധ കുത്തിവെപ്പും നൽകി. പേയിളകിയ പട്ടി ചത്തെങ്കിലും പ്രദേശത്ത് വളർത്തു പശുക്കൾക്കും മറ്റു നായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റതിനാൽ നാട്ടുകാർ ഭീതിയിലാണ്. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും പേപ്പട്ടിയുടെ കടിയേറ്റവർക്ക് ധനസഹായം നൽകണമെന്നും വാർഡ് അംഗം മഠത്തിൽ ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.