അഗ്നിരക്ഷ വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
text_fieldsകൊല്ലങ്കോട്: അഗ്നിരക്ഷ വാഹനം തലകീഴായി മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ശിവൻ (50), ഡ്രൈവർ കെ.എസ്. സുബൈർ (34), ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബി. ഷൈജു (39), പി.എം. രാജേഷ് (34), ആർ. രാകേഷ് (37), എസ്. റംഷാദ് (32), ഹോം ഗാർഡ് കെ. രാമദാസൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. മംഗലം - ഗോവിന്ദാപുരം റോഡിൽ ബുധനാഴ്ച പുലർച്ച നാലിന് വട്ടേക്കാട് കള്ള് ഷാപ്പിനടുത്താണ് സംഭവം. 5000 ലിറ്റർ ജലസംഭരണ ശേഷിയുള്ള മൊബൈൽ ടാങ്ക് യൂനിറ്റ് വാഹനമാണ് തലകീഴായി മറിഞ്ഞത്.
വളവുള്ള റോഡിൽ എതിർദിശയിൽ വന്ന വാഹനത്തെ ഇടിക്കാതിക്കാൻ തിരിച്ചതാണ് അപകട കാരണമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. മുതലമട ഇടക്കേപ്പാറയിൽ ചകിരി ഫാക്ടറിക്ക് തീ പടർന്നതിനെ തുടർന്ന് കൊല്ലങ്കോട് ഫയർ സ്റ്റേഷനിലെ അഗ്നിരക്ഷ സേനയെ സഹായിക്കാനാണ് വടക്കഞ്ചേരിയിൽനിന്ന് വാഹനം എത്തിയത്.
രണ്ട് വളവുകളുള്ള റോഡിൽ ചാറ്റൽ മഴയും എതിർദിശയിലെ വാഹനത്തിന്റെ വേഗതയും കാരണം അഗ്നിരക്ഷ സേനയുടെ വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 100 മീറ്ററിലധികം റോഡിലൂടെ നീങ്ങി വീണ്ടും തലകീഴായി മറിഞ്ഞു. ഈ വാഹനത്തോടൊപ്പം വാട്ടർ ലോറിയും അനുഗമിക്കുന്നുണ്ടായിരുന്നു.
നാട്ടുകാർ, കൊല്ലങ്കോട്ടെ അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തലകീഴായി കിടന്ന വാഹനത്തിന്റെ മുൻഭാഗങ്ങൾ പൊളിച്ചുമാറ്റിയാണ് ഡ്രൈവറെയും മറ്റു ഉദ്യോഗസ്ഥരെയും പുറത്തെടുത്തത്. ഇവരെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് മംഗലം - ഗോവിന്ദാപുരം അന്തർ സംസ്ഥാന റോഡിൽ ഒന്നര മണിക്കൂറിലധികം ഗതാഗത തടസ്സമുണ്ടായി.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാഹനം നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ക്രെയിൻ ഉപയോഗിച്ച ശേഷമാണ് വാഹനം റോഡിൽനിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. കൊല്ലങ്കോട് പൊലീസ്, ജില്ല ഫയർ ഓഫിസർ ടി. അനൂപ്, റീജനൽ ഓഫിസർ കെ.ജെ. ഷിജു എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.