ഒരുവർഷം; ജില്ലയിൽ നീക്കം ചെയ്തത് ഏഴുടൺ ഇ-മാലിന്യം
text_fieldsപാലക്കാട്: കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽനിന്ന് നീക്കം ചെയ്തത് 7078 കിലോ ഗ്രാം (ഏഴ് ടൺ) ഇ-മാലിന്യം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമെല്ലാമായാണ് ഇത്രയും ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. പാലക്കാട് താലൂക്ക് സൈപ്ല ഓഫിസിൽനിന്നാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം നീക്കം ചെയ്തത്.
മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ, ലാപ്ടോപ്, വാഷിങ് മെഷീൻ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, കാൽക്കുലേറ്റർ, പ്രിന്റർ തുടങ്ങിയവയെല്ലാം ഇ-മാലിന്യമാണ്. ട്യൂബ്, സി.എഫ്.എൽ ബൾബ്, എൽ.ഇ.ഡി ബൾബ്, കാർട്ടേജ്, ടി.വിയുടെ പിക്ചർ ട്യൂബ് തുടങ്ങിയവയെല്ലാം ആപത്കരമായ മാലിന്യങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം സാധനങ്ങൾ വലിച്ചെറിഞ്ഞാൽ അവയുടെ അവശിഷ്ടങ്ങളിൽനിന്നുള്ള കാഡ്മിയം, മെർക്കുറി തുടങ്ങിയ വിഷപദാർഥങ്ങളും കൂട്ടിയിട്ട് കത്തിച്ചാലുണ്ടാകുന്ന പുകയും മണ്ണിനും മനുഷ്യനും ദോഷകരമാണ്. വിപണിയിൽ വർധിച്ചുവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഇ-മാലിന്യത്തിന്റെ അളവ് കൂട്ടുന്നു. പുതിയ സാധനങ്ങൾ വാങ്ങിക്കുമ്പോൾ പഴയവ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതും ഇ-മാലിന്യം കുമിഞ്ഞുകൂടാൻ ഇടയാക്കുന്നു. വീടുകളിൽനിന്ന് ഹരിതകർമ സേനയും സർക്കാർ ഓഫിസുകളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പ്രത്യേക ഏജൻസികളുമാണ് ഇ-മാലിന്യം ശേഖരിക്കുന്നത്.
2023-24 സാമ്പത്തികവർഷം 41,59,954 കിലോ ഗ്രാം (4159 ടൺ) അജൈവ മാലിന്യങ്ങളും ജില്ലയിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കി ഹരിതകർമ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ശേഷം വരുന്ന മാലിന്യങ്ങൾ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിൽ കത്തിക്കാനുള്ള ഇന്ധനമായി ഉപയോഗിക്കുമെന്നും ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.