വനിത-ശിശു ആശുപത്രിയിലേക്ക് മലിനജലം ഒഴുകുന്നു
text_fieldsജില്ല ആശുപത്രിയിൽനിന്നുള്ള മലിനജലം ജില്ല വനിത-ശിശു ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകി വന്നതിനെ തുടർന്ന് ചെളിനിറഞ്ഞ പാതയിലൂടെ
നടക്കുന്നവർ
പാലക്കാട്: ജില്ല ആശുപത്രിയിൽനിന്നുള്ള മലിനജലം ജില്ല വനിത-ശിശു ആശുപത്രിയിലേക്ക് ഒഴുകി. ബുധനാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിക്ക് പിന്നിലുള്ള ഓട നിറഞ്ഞ് മലിനജലം ജില്ല വനിത-ശിശു ആശുപത്രിക്ക് മുന്നിലെ റോഡിലേക്ക് ഒഴുകിയതോടെ ഇവിടേക്കുള്ള കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള രോഗികൾ ബുദ്ധിമുട്ടി. ടാർ അടർന്നുപോയി മണ്ണ് മാത്രമായ റോഡിൽ മലിനജലം നിറഞ്ഞ് പാത ചെളിക്കുളമായി.
ജില്ല ആശുപത്രിയിൽ നടക്കുന്ന നിർമാണ പ്രവൃത്തികളുടെ ഭാഗമായി എംസാൻഡും മറ്റും ഓടയിൽ അടഞ്ഞതോടെയാണ് മലിനജലം പുറത്തേക്കൊഴുകിയത്. അസഹ്യമായ ദുർഗന്ധം കൂടിയായതോടെ മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധം നടത്തി. മലിനജല പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എച്ച്.എം.സി യോഗങ്ങളിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാവാത്തത് പ്രതിഷേധാർഹമാണെന്നും കരാറുകാരനെ വഴിവിട്ട് സഹായിക്കാനുള്ള ജില്ല പഞ്ചായത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
രോഗികൾക്ക് നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന കരാറുകാരനെ നിയന്ത്രിക്കണമെന്നും എച്ച്.എം.സി അംഗങ്ങളായ മാധവ വാര്യർ, ബോബൻ മാട്ടുമന്ത, സുന്ദരൻ കാക്കത്തറ, പുത്തൂർ മണികണ്ഠൻ, എ. രമേഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയിൽനിന്നും നേരത്തെയും ഇത്തരത്തിൽ മലിനജലം ജില്ല വനിത-ശിശു ആശുപത്രിയിലേക്ക് ഒഴുക്കാൻ നീക്കം നടന്നിരുന്നു. അന്ന് എച്ച്.എം.സി കമ്മിറ്റി അംഗങ്ങൾ ഇടപെട്ടാണ് തടഞ്ഞത്.
ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെയും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സംഭരണ ശേഷി കുറവാണെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ജില്ല ആശുപത്രിയിലെ നിർമാണ പ്രവൃത്തികളെ തുടർന്ന് രൂക്ഷമായ പൊടിശല്യവും വനിത-ശിശു ആശുപത്രിയിലുള്ളവർക്ക് നേരിടേണ്ടി വരുന്നുണ്ട്. പരാതികളെ തുടർന്ന് താൽക്കാലികമായി ഷീറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പൊടിശല്യം കുറക്കാൻ പര്യാപ്തമല്ലെന്നാണ് ആക്ഷേപം. 20 അടിയോളം ഉയരത്തിലെങ്കിലും ഷീറ്റോ നെറ്റോ സ്ഥാപിക്കണമെന്നും അഭിപ്രായമുണ്ട്. നിർമാണപ്രവൃത്തികൾ ചൂണ്ടിക്കാട്ടി ഈ റോഡിലെ ടാറിങ് പ്രവൃത്തിയും അനന്തമായി നീണ്ടുപോകുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.