ഓഫിസിന് മുന്നിൽ മലിനജലം; ദുരിതത്തിൽ ആർ.ടി.ഒ ജീവനക്കാർ
text_fieldsപാലക്കാട്: ശുചിമുറിയിൽനിന്നുള്ള മലിനജലം ചോർന്ന് ഓഫിസിനു മുന്നിലേക്ക് ഒഴുകിയെത്തിയതോടെ ദുരിതത്തിലായി സിവിൽ സ്റ്റേഷനിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസ് ഉദ്യോഗസ്ഥർ.
സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഒന്നാം നിലയിൽ എസ്.എസ്.കെ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എന്നീ ഓഫിസുകളുടെ സമീപത്തുള്ള ശുചിമുറിയിൽനിന്നാണ് മലിനജലം ചോർന്ന് ചുമരിലൂടെ ഇറങ്ങി താഴെ ആർ.ടി.ഒ ഓഫിസിനു മുന്നിൽ കെട്ടി നിൽക്കുന്നത്.
വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളുൾപ്പെടെ നിരവധി പേർ വരുന്ന ഓഫിസിലേക്ക് മലിനജലത്തിൽ ചവിട്ടി വേണം കയറാൻ. വെള്ളത്തിൽ ചവിട്ടാതെ ഓഫിസിനകത്ത് കയറാൻ വാതിലിനു മുന്നിൽ ജീവനക്കാർ ചെങ്കല്ല് വെച്ചിട്ടുണ്ട്. ഇതിൽ ചവിട്ടി സാഹസികമായാണ് ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റും അകത്തേക്ക് കയറുന്നത്. ദുർഗന്ധവും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
രണ്ടുമാസത്തോളമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ജീവനക്കാർ പറയുന്നു. മൂന്നുനാലുതവണ പൊതുമരാമത്ത് വകുപ്പിൽ പരാതിപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്കും ഈ മലിനജലത്തിൽ ചവിട്ടി വേണം പോകാൻ. വിഷയത്തിൽ കലക്ടർക്കും ജില്ല ശുചിത്വ മിഷനും പരാതി നൽകിയതായി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഷീബ പറഞ്ഞു.
ഈയടുത്ത കാലത്താണ് ശുചിമുറി ടൈൽസ് പതിച്ച് നവീകരിച്ചത്. ശുചിമുറിയിലെ ചേംബറിലുണ്ടായ ബ്ലോക്ക്മൂലമാണ് ചോർച്ച സംഭവിച്ചതെന്നും പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച തൊഴിലാളികളെ അയക്കുമെന്നും പൊതുമരാമത്ത് ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.