പത്തിരിപ്പാല കോളജിലെ എസ്.എഫ്.ഐ അതിക്രമം; 27 പ്രവർത്തകർക്കെതിരെ കേസ്
text_fieldsപത്തിരിപ്പാല: ഗവ. കോളജിൽ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും 27 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മങ്കര പൊലീസ് കേസെടുത്തു. കോളജ് പ്രിൻസിപ്പൽ കെ.വി. മേഴ്സിയുടെ പരാതിയെ തുടർന്നാണ് കേസ്. വിദ്യാർഥികളായ റിജു കൃഷ്ണൻ, മുഹമ്മദ് സുഹൈൽ, സജയ്, സ്നേഹ, രോഷിനി, ചാരുത, സംവൃത തുടങ്ങി കണ്ടാലറിയാവുന്ന 27 പേർക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് പ്രിൻസിപ്പലിനെ പുറത്തിറങ്ങാൻ കഴിയാത്ത വിധം മുറിയിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്. മുറിക്കുള്ളിൽ കുഴഞ്ഞുവീണ പ്രിൻസിപ്പലിനെ മങ്കര പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മാസം കോളജിൽ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂനിയൻ അംഗങ്ങളും കായികതാരങ്ങളും തമ്മിലുണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. കായികപ്രതിഭകളെ ആദരിക്കാനുള്ള കോളജ് പ്രിൻസിപ്പാളുടെ തീരുമാനം ചോദ്യം ചെയ്ത എസ്.എഫ്.ഐ നേതാക്കളുമായി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം 24ന് പ്രിൻസിപ്പലിനെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിൽ ഒമ്പതുപേർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ നേതാക്കൾ പ്രിൻസിപ്പലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്രേ. പ്രശ്നം ഒഴിവാക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും പരിഹരിക്കാനായില്ല. ഒടുവിൽ കഴിഞ്ഞദിവസം കെ. ശാന്തകുമാരി എം.എൽ.എ, പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലുമായും യൂനിയൻ നേതാക്കളുമായും ചർച്ചയും നടന്നിരുന്നു.
എന്നാൽ, വക്കീലുമായി സംസാരിച്ച് കേസ് പിൻവലിക്കാമെന്ന ധാരണയിൽ പ്രിൻസിപ്പൽ എത്തിയിരുന്നതായി പറയപ്പെടുന്നു. വീണ്ടും അടിയന്തരമായി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വൈദ്യുതി ബന്ധം നിലച്ചപ്പോൾ ഇൻവർട്ടർ പ്രവർത്തിക്കാൻ പോലും സമരക്കാർ അനുവദിച്ചില്ലത്രേ.ഇതിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണതോടെ മങ്കര പോലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.