യുദ്ധഭൂമിയിലെ പലായനത്തിന്റെ ഓർമയിൽ ഷാസിൻ
text_fieldsപുതുപ്പരിയാരം: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് ഷാസിൻ വീടിെൻറ സ്നേഹത്തണലിലെത്തി. പേടിപ്പെടുത്തുന്ന നാളുകളിലെ ബങ്കർ ജീവിതത്തിനൊപ്പം നന്മ നിറഞ്ഞ അനുഭവങ്ങളും പങ്കുവെക്കുകയാണ് സാഫ്രോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥിയായ ഷാസിൻ. പുതുപ്പരിയാരം പുത്തൻപീടികയിൽ അബൂബക്കറിെൻറയും ഷക്കീല ബാനുവിെൻറയും മകനായ ഷാസിൻ രണ്ടര മാസം മുമ്പാണ് യുക്രെയ്നിലേക്ക് പഠനത്തിന് പോയത്.
ഹോസ്റ്റലിലായിരുന്നു താമസം. ഫെബ്രുവരി ആദ്യം മുതൽ രണ്ടാഴ്ചക്കാലം കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ഓൺലൈനിലായിരുന്നു പഠനം. കിയവിലെ റഷ്യയുടെ ബോംബ് വർഷത്തിന് ശേഷം അഞ്ച് ദിവസം ഹോസ്റ്റലിന് താഴെയുള്ള ബങ്കറിലായിരുന്നു താമസം. ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ചത്. ബ്രഡ്, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ വാങ്ങി സൂക്ഷിച്ചു. കുടിവെള്ളവും ഭക്ഷണവും എടുക്കാൻ മാത്രം ഹോസ്റ്റലിൽ പോയി. സൈറൺ മുഴങ്ങിയാൽ ബങ്കറിലേക്ക് ഓടും. 500 മലയാളികൾ ഉൾപ്പെടെ 1400 ഇന്ത്യൻ വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.
താമസസ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് യുദ്ധം കൊടുമ്പിരി കൊണ്ടിരുന്നത്. സഫ്രോഷ്യയിൽ നിന്ന് ഹംഗറിയുടെ അതിർത്തി വരെ 30 മണിക്കൂർ നേരവും ചുവപ്പ് റയിൽവെ സ്റ്റേഷനിൽ നിന്ന് ബുഡാപെസ്റ്റ് വരെ അഞ്ച് മണിക്കൂറും ദുരിതയാത്ര. നിവർന്ന് നിൽക്കാനോ ഇരിക്കാനോ പറ്റാത്തവിധം തിക്കും തിരക്കും.
ഹംഗറിയിലെ ലുഡാവിക് യൂനിവേഴ്സിറ്റിൽ ഒരു ദിവസം താമസിച്ചത് ആശ്വാസമായതായി ഷാസിൻ പറഞ്ഞു. തുടർന്ന് ബുഡാപെസ്റ്റിൽ നിന്ന് ഡൽഹിയിലേക്ക് 10 മണിക്കൂർ വിമാന യാത്ര. ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരി വഴി നാട്ടിലെത്തി. ഷാസിെൻറ പിതാവ് ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. അനുജൻ അജ്മൽ സലീഖ് അകത്തേത്തറ എൻ.എസ്.എസ്.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.