മണ്ണൂരിൽ പട്ടാപ്പകൽ രണ്ടിടത്ത് മോഷണം
text_fieldsമണ്ണൂർ: മണ്ണൂരിൽ പട്ടാപ്പകൽ രണ്ടിടത്ത് മോഷണം. പലചരക്കുകടയുടെ ഷട്ടർ തുറന്നും വീട്ടിലുമാണ് മോഷണം. മണ്ണൂർ വെസ്റ്റ് അകവണ്ടയിൽ പാലക്കപറമ്പ് കൃഷ്ണൻകുട്ടിയുടെ പലചരക്കുകടയിലാണ് ഷട്ടർ ഉയർത്തി മോഷണം നടന്നത്. മേശവലിപ്പിനകത്ത് സൂക്ഷിച്ച ബാഗാണ് പോയത്.
ബാഗിനകത്ത് ചില്ലറ നാണയങ്ങളും നോട്ടുകളുമടക്കം മൂവായിരത്തോളം രൂപയും പോസ്റ്റ് ഒാഫിസിലെ മൂന്ന് പാസ്ബുക്ക്, മറ്റുരേഖകളും ഉണ്ടായിരുന്നു. ബുധനാഴ്ച ഉച്ച രണ്ടോടെയാണ് സംഭവം. കടയിലെ ഷട്ടർ താഴ്ത്തിയശേഷം തൊട്ടുപിറകിലുള്ള വീട്ടിലേക്കുവന്ന സമയത്താണ് മോഷണം നടന്നത്. പരാതി നൽകിയതിനെ തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വേങ്ങശ്ശേരി അകവണ്ട വല്ലയംകുന്നത്ത് അമ്മിണിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ ബാഗിൽ സൂക്ഷിച്ച 3,500 രൂപയും ഒരുഗ്രാം സ്വർണമോതിരവും നഷ്ടപ്പെട്ടു. വയോധികയായ അമ്മിണി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മറ്റുള്ളവർ സമീപത്തെ വിവാഹ വീട്ടിലേക്ക് പോയിരുന്നു.
മോഷണം പോയ ബാഗ് സമീപത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒന്നര കിലോമീറ്ററിനുള്ളിലാണ് രണ്ടിനും മൂന്നിനും ഇടയിൽ പട്ടാപ്പകൽ രണ്ടുമോഷണങ്ങളും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.