പഴയ കൊച്ചിപ്പാലം പൊളിച്ചുമാറ്റാൻ നടപടി തുടങ്ങി
text_fieldsഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴക്ക് കുറുകെയുള്ള പഴയ കൊച്ചിപ്പാലം പൂർണമായും പൊളിച്ചുമാറ്റാൻ അധികൃതർ നടപടികളാരംഭിച്ചു. ചരിത്ര സ്മാരകമായി നിലനിർത്തേണ്ട പാലം പൊളിച്ചുമാറ്റുന്നതിൽ പലർക്കും പ്രതിഷേധമുണ്ട്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ പാലത്തിന് ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച ആദ്യ പാലമെന്ന ഖ്യാതിയുണ്ട്. തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളെ മലബാറുമായി ബന്ധിപ്പിച്ചിരുന്ന ഏക പാലവുമായിരുന്നു. കൊച്ചി രാജാവായിരുന്ന രാമവർമ തമ്പുരാൻ സ്വർണം നൽകി സ്വരൂപിച്ച തുക നൽകിയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഈ പാലം നിർമിച്ചത്.
കരിങ്കൽ തൂണുകളാലും ഉരുക്ക് നിർമിത സ്പാനുകളാലും നിർമിച്ച പാലത്തിന്റെ നാല് സ്പാനുകൾ ഇതിനകം നിലംപൊത്തി. സ്പാനുകൾക്കൊന്നും കേടുപാടില്ല. അനിയന്ത്രിതമായി മണലെടുത്തതിന്റെ ഫലമായാണ് പാലത്തിന് ഈ അവസ്ഥ വന്നത്. തൂണുകളുടെ അടിത്തറ പുറത്ത് വരുകയും ശക്തമായ കുത്തൊഴുക്കിൽ കാലക്രമേണ കാലുകൾ തകരുകയുമായിരുന്നു. ആദ്യ തൂണ് തകർന്നപ്പോൾ തന്നെ പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ചരിത്രസ്മാരകമായി നിലനിർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.
45 ലക്ഷത്തോളം രൂപയുടെ ചെലവിലാണ് പൊളിച്ചുമാറ്റുന്നതെന്നറിയുന്നു. ഈ തുക ചെലവാക്കിയാൽ തൂണുകൾ ബലപ്പെടുത്തി പാലം പുനഃസ്ഥാപിക്കാനാകുമെന്ന് എൻജിനീയറിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനരികിലാണ് ഈ പുഴയുള്ളത്.
കേരള കലാമണ്ഡലം, കേരളീയ ആയുർവേദ സമാജം, പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയൊക്കെ ഈ പാലത്തിനരികിലാണ്. സ്വാമി വിവേകാനന്ദൻ വന്നിറങ്ങിയ ഇവിടെ പ്രതിമയടക്കമുള്ള സ്മാരകവും വരാൻ പോവുകയാണ്. പുഴയുടെ സൗന്ദര്യം നുകരാൻ ദിനംപ്രതി നൂറുകണക്കിന് പേരാണ് കൊച്ചിപ്പാലത്തിന് സമീപമെത്തുന്നത്. ഇവയെല്ലാം ചേർത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കാവുന്ന സാഹചര്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.