ഭാരതപ്പുഴ വറ്റുന്നു; ജലവിതരണത്തിൽ കടുത്ത നിയന്ത്രണം
text_fieldsഷൊർണൂർ: ഷൊർണൂരിൽ നിന്നുള്ള കുടിവെള്ള വിതരണത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി ജല അതോറിറ്റി അധികൃതർ. കടുത്ത വേനലിൽ ഭാരതപ്പുഴയിലെ വെള്ളം വറ്റിത്തുടങ്ങിയതും വേനൽമഴ തീരെ ലഭിക്കാതിരിക്കുന്നതുമാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ ഭാഗികമായി മാത്രമേ കുടിവെള്ള വിതരണം നടത്താൻ സാധിക്കുകയുള്ളൂ. നിലവിലെ സ്ഥിതി തുടർന്നാൽ കുടിവെള്ള വിതരണം പൂർണമായും നിലക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഭാരതപ്പുഴയിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് ഷൊർണൂരിൽ ജല അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. 150 കുതിരശക്തിയുള്ള രണ്ട് മോട്ടോർ പമ്പ് സെറ്റുകൾ പ്രവർത്തിപ്പിച്ചാണ് ഷൊർണൂരിൽ 24 മണിക്കൂറും വെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ, പമ്പിങ് കിണറിൽ ഇതിന് പര്യാപ്തമായ വെള്ളം ലഭിക്കാതായിട്ടുണ്ട്.
പുഴയിൽ ചാല് കീറി പമ്പിങ് കിണറിനടുത്തേക്ക് വെള്ളം എത്തിക്കാനുള്ള സാധ്യതയും ഇല്ലാത്ത വിധം ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു. ഷൊർണൂരിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി കണ്ട് നിർമിച്ച തടയണയിൽ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
വേനൽക്കാലത്ത് മലമ്പുഴ ഡാമിൽനിന്ന് തുറന്ന് വിടുന്ന വെള്ളമോ വേനൽ മഴയിൽ ലഭിക്കുന്ന വെള്ളമോ ലഭിച്ചാൽ മാത്രമേ തടയണയിൽ വെള്ളമുണ്ടാകൂവെന്ന സ്ഥിതിയാണ്. നിലവിൽ തന്നെ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ല. മറ്റ് ഭാഗങ്ങളിൽ ഒന്ന് രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളം ലഭിക്കുന്നത്.
ഇനിയും നിയന്ത്രണം കൂട്ടിയാൽ കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ വലയും. ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ഓഫിസുകളിലുള്ളവരും സ്വന്തമായി കിണറില്ലാത്ത വീട്ടുകാരും വിയർക്കേണ്ടി വരും.
പുഴയിൽ വെള്ളമില്ലാതെ കുടിവെള്ള വിതരണത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തുമ്പോഴും പ്രധാന പൈപ്പുകളടക്കം പൊട്ടി വ്യാപകമായി വെള്ളം പാഴാകുന്നത് അറ്റകുറ്റപ്പണി നടത്തി ഒഴിവാക്കാൻ ഇപ്പോഴും അധികൃതർക്കാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.