തകർന്ന് കണയം റോഡ്: തൃപ്പുറ്റ താലപ്പൊലി ‘പൊടിപൂരമാകും’
text_fieldsഷൊർണൂർ: തകർന്നുകിടക്കുന്ന കണയം റോഡ് ഇത്തവണത്തെ തൃപ്പുറ്റ താലപ്പൊലി ‘പൊടിപൂരമാക്കും’. വേനൽ കടുത്തതോടെ ഉപരിതലം ഏതാണ്ട് പൂർണമായും തകർന്ന് കിടക്കുന്ന റോഡിൽനിന്ന് പൊടി ഇടതടവില്ലാതെ ഉയരുകയാണ്. റോഡരികിലെ വീട്ടുകാരും യാത്രക്കാരും ഇപ്പോഴേ ദുരിതത്തിലാണ്. ഞായറാഴ്ചയാണ് കുളപ്പുള്ളി-കണയം റോഡരികിലെ തൃപ്പുറ്റ ക്ഷേത്രത്തിലെ താലപ്പൊലി.
ഈ റോഡിൽ ഏറെ തിരക്കേറുന്ന ദിവസങ്ങളാണിത്. സമീപവാസികളും ഇതിലെ യാത്ര ചെയ്യുന്നവരും പൊടിയിൽ വലയും. ആയിരങ്ങളാണ് പൂര ദിവസം ഇവിടെയെത്തുക. അത് കൂടിയാവുമ്പോൾ ദുരിതം ഇരട്ടിയാകും. എന്നിട്ടും ഒന്നും ചെയ്യാനാകാതെ അധികൃതർ കുഴങ്ങുകയാണ്.
ജല അതോറിറ്റി ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി റോഡിനിരുപുറവും പൈപ്പിടാൻ പൊളിച്ചിട്ടുണ്ട്. ഈ ഭാഗത്ത് മെറ്റലിട്ട് ജല അതോറിറ്റി ബലപ്പെടുത്തി കൊടുക്കണം. പൈപ്പ് പൊട്ടി കുഴിയായ ഭാഗങ്ങളും ബലപ്പെടുത്തണം. വൈദ്യുതിക്കാലുകൾ റോഡരികിലേക്ക് മാറ്റിസ്ഥാപിക്കേണ്ട ജോലി പൂർത്തിയായി. ഇതിനിടെ, കുളപ്പുള്ളി ആലിൻചുവട് മുതൽ യു.പി സ്കൂൾ വരെ ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ടാറിങ് ആരംഭിച്ചിട്ടുണ്ട്.
ഒരു കിലോമീറ്റർ വരുന്ന ഭാഗത്താണ് ബി.എം.ബി.സി പ്രവൃത്തി നടക്കുന്നത്. ഇത് താലപ്പൊലിക്ക് മുമ്പ് പൂർത്തിയാകും. എന്നാൽ, തൃപ്പുറ്റക്കാവ് സ്ഥിതി ചെയ്യുന്ന ഭാഗത്തടക്കം ജനം പൊടി കൊണ്ട് പൊറുതിമുട്ടും. അവശേഷിക്കുന്ന ഭാഗത്തെ റോഡ് ബലപ്പെടുത്താനുള്ള പ്രവൃത്തിക്ക് 12 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച പണിയാരംഭിക്കുമെന്നും നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.