ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന പരാതി: പ്രശ്നം പരിഹരിച്ചെന്ന് നഗരസഭ സെക്രട്ടറി
text_fieldsപാലക്കാട്: ഷൊർണൂർ നഗരസഭയുടെ ഫ്രണ്ട് ഓഫിസിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ പരാതി നൽകാനെത്തിയ വ്യക്തിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കഴമ്പില്ലെന്നും നഗരസഭ ഇടപെട്ട് വിഷയം രമ്യമായി പരിഹരിച്ചെന്നും നഗരസഭ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പരാതി പരിഹരിച്ച സാഹചര്യത്തിൽ കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
പരാതിക്കാരനായ കുളപ്പുള്ളി സ്വദേശി കെ. ശ്രീജിത്ത് മേൽവിലാസം രേഖപ്പെടുത്താത്ത സീൽചെയ്ത കവർ തപാൽ നമ്പർ ഇടാൻ ഷൊർണൂർ നഗരസഭയുടെ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റിന് നൽകിയതാണ് വിവാദമായത്. കത്ത് തുറന്നു പരിശോധിച്ച അസിസ്റ്റന്റ് നഗരസഭ അധ്യക്ഷക്കുള്ളതാണെന്ന് മനസിലാക്കി തപാൽ നമ്പർ ഇടാതെ തിരികെ നൽകി. അസിസ്റ്റന്റ് അറിയാതെ അദ്ദേഹത്തിന്റെ സംഭാഷണം റെക്കോർഡ് ചെയ്ത് പരാതിക്കാരൻ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനെതിരെ നഗരസഭ ഉദ്യോഗസ്ഥൻ കാളി നൽകിയ പരാതി നഗരസഭ സെക്രട്ടറി ഷൊർണ്ണൂർ പൊലീസിന് കൈമാറി. സംഭവങ്ങളെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥന് ഗുരുതരമായി സ്ട്രോക്ക് വരികയും ചികിത്സയിലാവുകയും ചെയ്തു. ഇപ്പോഴും ഉദ്യോഗസ്ഥന്റെ സംസാരശേഷി പൂർണമായി തിരികെ കിട്ടിയിട്ടില്ല.
നഗരസഭ ജീവനക്കാരൻ കൃത്യമായി ജോലി ചെയ്യുന്നയാളാണ്. സംഭവം ജീവനക്കാരന് മാനസിക സംഘർഷത്തിനും മനോവ്യഥക്കും കാരണമായി. പരാതിക്കാരനനെതിരെ ജീവനക്കാരൻ പട്ടികജാതി, പട്ടികവർഗ കമീഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഷൊർണ്ണൂർ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് കമ്മീഷൻ തേടിയിട്ടുണ്ട്.
പരാതിക്കാരനോട് ജീവനക്കാരനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തരുതെന്ന് പൊലീസ് താക്കീത് നൽകിയിട്ടുണ്ട്. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിക്കാരന്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ ജീവനക്കാരനെ നേരിൽ കേട്ടു. പരാതിക്ക് പരിഹാരമായതായി ജീവനക്കാരനും അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.