ജില്ല ശാസ്ത്രോത്സവം; മണ്ണാർക്കാട് ഉപജില്ല ജേതാക്കൾ
text_fieldsഷൊർണൂർ: ജില്ല ശാസ്ത്രോത്സവത്തിൽ 1255 പോയിന്റ് നേടി മണ്ണാർക്കാട് ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1159 പോയന്റ് നേടിയ തൃത്താല രണ്ടാം സ്ഥാനവും 1059 പോയന്റ് നേടിയ പട്ടാമ്പി മൂന്നാം സ്ഥാനവും നേടി. ആലത്തൂർ (1077), ഒറ്റപ്പാലം (1071) ഉപജില്ലകൾ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
സ്കൂൾ തലത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം 388 പോയന്റ് നേടി ഒന്നാം സ്ഥാനക്കാരായി. 325 പോയന്റുമായി വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും 230 പോയന്റ് നേടി എച്ച്.എസ്.എസ് ചളവറ മൂന്നാമതുമെത്തി. 225 പോയന്റ് നേടി പാലക്കാട് ജി.എം.ജി.എച്ച്.എസ്.എസ് നാലാം സ്ഥാനത്തും 214 പോയന്റ് നേടി ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി. മനോജ്കുമാർ, നഗരസഭാംഗങ്ങളായ കെ. കൃഷ്ണകുമാർ, ഇ.പി. നന്ദകുമാർ, എ.ഇ.ഒ ബി.ടി. ബിന്ദു, നോഡൽ ഓഫിസർ പി. തങ്കപ്പൻ, വി.എച്ച്.എസ്.ഇ ജില്ല കോഓഡിനേറ്റർ രാജേഷ്കുമാർ, സിസ്റ്റർ ലിസ, സൈനുൽ ആബിദീൻ, ദിനേശ്കുമാർ, പി. ബാലകൃഷ്ണൾ, ഹമീദ് കൊമ്പത്ത്, ജി. അജിത്കുമാർ, അബ്ബാസ് വല്ലപ്പുഴ, എം. ഗീത, ഗിരീഷ് ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
അതിശയം വിട്ടൊഴിയാതെ ഏടാകൂടവും കാലുകളില്ലാത്ത ടീപ്പോയും
ഏടാകൂടവും കാലുകളില്ലാത്ത ടീപ്പോയുമൊരുക്കി വിധികർത്താക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് സ്നേഹ. ഏതാനും മരക്കഷ്ണങ്ങൾ പ്രത്യേകരീതിയിൽ ചെത്തിയൊരുക്കി കൂട്ടിച്ചേർത്താണ് ഏടാകൂടം തയാറാക്കിയിരിക്കുന്നത്. കുട്ടികൾക്കുള്ള കളിയുപകരണമായ ഇത് തയാറാക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. കാലുകളില്ലാതെ ചങ്ങലയിൽ കോർത്ത് നിർത്തിയിരിക്കുന്ന ടീപോയും കൗതുകമായി. വട്ടേനാട് ജി.വി.എച്ച്.എസ് വിദ്യാർഥിയാണ് സ്നേഹ ശശികുമാർ.
മൂന്നുമണിക്കൂർ കൊണ്ട് ചാരുകസേരയും ടീപ്പോയിയും
ഷൊർണൂർ: മൂന്നുമണിക്കൂറിനുള്ളിൽ ചാരുകസേരയും ടീപ്പോയിയും പണിത് വെള്ളിനേഴി ജി.എച്ച്.എസിലെ സി. പ്രേംജിത്. എന്നാൽ, ഇതിൽ ഭാരമുള്ള ഒരാൾക്ക് ഇരിക്കാൻ പറ്റുമോ എന്നൊന്നും ശങ്കിക്കേണ്ട. സാധാരണ ഇരിക്കാൻ പറ്റുന്ന കസേര തന്നെയാണിത്. കുലത്തൊഴിലായ മരപ്പണിയിൽ ചെറുപ്പം മുതലേ വ്യാപ്യതനാണ് ഈ മിടുക്കൻ. അച്ചൻ രാമൻകുട്ടിയാണ് ഗുരുനാഥൻ.
പനിക്കൂർക്ക തോരനും ചെറുധാന്യ വിഭവങ്ങളും
പനിക്കൂർക്കയില കൊണ്ട് തോരനും മറ്റ് വിഭവങ്ങളും ഒരുക്കി നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുകയാണ് ഇവർ. ചെറുധാന്യങ്ങൾ കൊണ്ട് വ്യത്യസ്തമായ വിഭവങ്ങളാണ് ഒരുക്കിയത്. ഉപ്പിലിട്ടത് മുതൽ മുളപ്പിച്ചതും വറുത്തെടുത്തതുമൊക്കെയായി വിഭവങ്ങളേറെയുണ്ട് പ്രവൃത്തി പരിചയമേളയിൽ.
അമ്മ പറഞ്ഞുകൊടുത്ത രുചി തന്ത്രങ്ങളൊക്കെ പെൺകുട്ടികൾ പുറത്തെടുത്തപ്പോൾ ഒരുകൈ നോക്കാൻ ആൺകുട്ടികളും രംഗത്തെത്തി. വ്യത്യസ്തമായ പാനീയങ്ങളും മേളയിലെത്തി. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 42 പേർ പങ്കെടുത്തു.
തേജസ് തീർത്തത് ചന്തമാർന്ന മുഖബിംബങ്ങൾ
ഷൊർണൂർ: ചുറുചുറുക്കോടെ അച്ചിൽ മുഖബിംബങ്ങൾ വാർത്തെടുക്കുന്നത് കൗതുകത്തോടെയാണ് ശാസ്ത്രോത്സവ നഗരിയിലെത്തിയവർ നോക്കിക്കണ്ടത്. ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസിലെ ആർ. തേജസ് നിരവധി ബിംബങ്ങൾ നിർമിച്ച് എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.