കൈയേറ്റവും മാലിന്യം തള്ളലും; തോട് നശിക്കുന്നു
text_fieldsഷൊർണൂർ: കൈയേറ്റവും മാലിന്യം തള്ളലും മൂലം തോട് നശിക്കുന്നു. പാലക്കാട്-പട്ടാമ്പി സംസ്ഥാന പാതയിലെ കൂനത്തറ മുതൽ നമ്പം ഭാഗത്ത് ഭാരതപ്പുഴയിൽ ചേരുന്ന 10 കിലോമീറ്ററോളം നീളമുള്ള തോടാണ് നശിക്കുന്നത്.
കൂനത്തറ, കവളപ്പാറ, കാരക്കാട്, കല്ലിപ്പാടം, ചുടുവാലത്തൂർ പാടശേഖരങ്ങളുടെ ജലസേചനത്തിനുള്ള തോടാണിത്. പന്ത്രണ്ടോളം കൈത്തോടുകൾ വന്നുചേരുന്ന ഈ തോട് ചെറുകിട ജലസേചന വകുപ്പിന്റെ അധീനതയിലാണ്. നൂറുകണക്കിന് പേർ കുളിക്കാനും തുണികൾ അലക്കാനും ആശ്രയിക്കുന്നുമുണ്ട്.
അരികുകൾ വിവിധയിടങ്ങളിൽ കൈയേറിയതിനാൽ തോടിന്റെ വീതി നേർത്തുവരികയാണ്. യഥാസമയം അരികുഭിത്തികൾ കെട്ടി സംരക്ഷിക്കാത്തതും തോടിന്റെ തകർച്ചക്ക് കാരണമാണ്. കൂടാതെ മാലിന്യം തള്ളൽ കൂടിയായപ്പോൾ തോടിനെ ആശ്രയിക്കുന്നവർ ആശങ്കയിലാണ്. പുതുമഴ പെയ്ത് തോട്ടിൽ നീരൊഴുക്ക് തുടങ്ങിയതോടെയാണ് മാലിന്യം ശ്രദ്ധയിൽപെടുന്നത്. കറുപ്പും ചുവപ്പും നിറങ്ങളാണ് വെള്ളത്തിനുള്ളത്.
നീരൊഴുക്ക് ശക്തിപ്പെട്ടിട്ടും സ്ഥിതിയിൽ മാറ്റമില്ല. ഈ വെള്ളം പാടത്തേക്ക് ഒഴുകിയാൽ കൃഷി സ്ഥലം നാശമാകുമെന്ന് കർഷകർ പറഞ്ഞു. കുനത്തറയിലെ വ്യാപാര സ്ഥാപനങ്ങളും തോടിന്റെ പരിസരത്തെ വീട്ടുകാരും തോട്ടിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. ജല അതോറിറ്റി കുടിവെള്ളത്തിന് പമ്പ് ചെയ്യുന്ന ഷൊർണൂർ തടയണയിലേക്കാണ് തോട്ടിലെ വെള്ളമെത്തുന്നത്.
ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. തോടിന്റെ സംരക്ഷണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സമിതി ഭാരവാഹികളായ വിജയ് പ്രകാശ് ശങ്കർ, സി. ബിജു എന്നിവർ ജില്ല കലക്ടർ, ഒറ്റപ്പാലം സബ് കലക്ടർ എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.