മുളക്കാത്ത നെൽവിത്ത് ലഭിച്ച കർഷകർ ആശങ്കയിൽ
text_fieldsഷൊർണൂർ: രണ്ടാം വിളക്ക് കൃഷി വകുപ്പ് മുഖേന ലഭിച്ച നെൽവിത്ത് മുളക്കാത്തതാണെന്ന് കർഷക പരാതി. സംസ്ഥാന സീഡ് അതോറിറ്റിയിൽനിന്ന് കൃഷി വകുപ്പ് ശേഖരിച്ച് നൽകിയ ഉമ നെൽവിത്താണ് മുളക്കാത്തതെന്ന് കർഷകർ പറഞ്ഞു.
ആലപ്പുഴയിലെ ലാബിൽ പരിശോധന നടത്തിയപ്പോൾ ഗുണമേന്മയില്ലെന്ന് കണ്ടെത്തിയ നെൽവിത്താണ് കർഷകർക്ക് നൽകിയതെന്നും കർഷകർ ആരോപിച്ചു. ഷൊർണൂർ കൃഷിഭവന് കീഴിലുള്ള 1000 ഏക്കർ പാടത്തെ കർഷകർക്കായി 30,000 കിലോ നെൽ വിത്താണ് വിതരണം ചെയ്യേണ്ടത്. കിലോക്ക് 42 രൂപ പ്രകാരം നഗരസഭ ഇതിനായി പദ്ധതിയിലുൾപ്പെടുത്തിയിട്ടുമുണ്ട്. കുഴിപ്പടവ് പാടശേഖരത്തിലെ വിത്താണ് ഷൊർണൂരിലെ കർഷകർക്ക് ലഭിച്ചിട്ടുള്ളത്. മഴ നനഞ്ഞ് നിറം മാറിയ നെൽവിത്തുകളിൽ കല്ല്, കറുത്ത നെല്ല്, പതിര് എന്നിവയും വ്യാപകമായുണ്ടെന്നും കർഷകർ കുറ്റപ്പെടുത്തി.
മുളക്കാത്ത നെൽവിത്ത് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് കവളപ്പാറ കാരക്കാട് പാടശേഖര സമിതി പ്രസിഡൻറ് വിജയ് പ്രകാശ് ശങ്കർ, സെക്രട്ടറി സി. ബിജു എന്നിവർ കൃഷി ഓഫിസർക്ക് പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്ന് കൃഷി ഓഫിസർ സന്തോഷ് പറഞ്ഞു. കഴിഞ്ഞ വേനൽക്കാലത്ത് 3100 ചാക്ക് ഗുണമേന്മയുള്ള നെൽവിത്ത് കാരക്കാട് പാടശേഖര സമിതി സീഡ് അതോറിറ്റിക്ക് നൽകിയിരുന്നു. ഈ വിത്ത് രണ്ടാം വിളക്ക് ഷൊർണൂരിൽ തന്നെ നൽകണമെന്ന് കൃഷി വകുപ്പിനോട് അന്നുതന്നെ ആവശ്യപ്പെടുകയും നൽകാമെന്ന് വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ, പകരം ഗുണമേന്മയില്ലാത്ത വിത്തുകളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.