ഷൊർണൂർ ടൗണിലെ ഇലക്ട്രോണിക്സ് കടയിൽ വൻ തീപിടിത്തം
text_fieldsഷൊർണൂർ: ഷൊർണൂർ ടൗണിലെ പ്രമുഖ ഗൃഹോപകരണ കടയിൽ വൻ തീപിടിത്തം. രണ്ട് കോടിയിലധികം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച രാവിലെ 9.15ഓടെയാണ് ഷൊർണൂർ ബസ് സ്റ്റാൻഡിനടുത്തുള്ള ന്യൂ രാധ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. രാവിലെ കട തുറന്നതിന് ശേഷം വൈദ്യുതി ബന്ധം ഓണാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് പുക ഉയർന്നത്. ഇതിനാൽ ഷോർട്ട് സർക്യൂട്ടാവും തീ കത്തുന്നതിന് കാരണമായതെന്ന് അനുമാനിക്കുന്നു.
ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എ.സി എന്നിങ്ങനെയുള്ള വില കൂടിയ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത് കടയുടെ മുകളിലത്തെ രണ്ട് നിലകളിലാണ്. ഇവിടെയുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താഴെ കടയിലുണ്ടായിരുന്ന സാധാനങ്ങൾ ജനങ്ങളുടെ സഹായത്തോടെ സമീപത്തെ മറ്റു കടയിലേക്ക് മാറ്റി.
സംഭവമറിഞ്ഞയുടനെ കുളപ്പുള്ളിയിൽനിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷ സേനയെത്തി തീയണക്കാൻ തുടങ്ങിയെങ്കിലും നാല് മണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. മുകളിലെ നിലകളിലേക്ക് പോകാൻ സാധിക്കാത്തതിനാൽ ചുമരുകളിൽ ഓട്ടകളുണ്ടാക്കി വെള്ളം ഉള്ളിലേക്ക് പമ്പ് ചെയ്താണ് കുറച്ചെങ്കിലും ആശ്വാസമുണ്ടാക്കിയത്. എട്ട് തവണ അഗ്നിരക്ഷ സേനക്ക് വെള്ളമടിക്കേണ്ടി വന്നു. കടുത്ത പുക മാത്രമാണ് പുറത്തേക്ക് കണ്ടിരുന്നത്. തീ നാളങ്ങൾ തീരെ കണ്ടിരുന്നില്ല. പുക ശ്വസിച്ച് ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് മൂന്ന് അഗ്നിരക്ഷ സേനക്കാരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.