കവളപ്പാറ ആര്യങ്കാവ് പൂരം പൂത്തിറങ്ങി
text_fieldsഷൊർണൂർ: വർണവൈവിധ്യങ്ങളുടെ ദൃശ്യവിസ്മയം സമ്മാനിച്ച് ചരിത്രപ്രസിദ്ധമായ കവളപ്പാറ ആര്യങ്കാവ് പൂരം പൂത്തിറങ്ങി. വിവിധ ദേശ കുതിരകളുടെ കളിയാണ് പുരത്തിന്റെ പ്രധാന ആകർഷണം. പഞ്ചവാദ്യം, ചെണ്ടമേളം, പൂതൻ, തിറ, ഇണക്കാളകൾ എന്നിവ പൂരത്തിന് മാറ്റ് കൂട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷം നടത്താൻ കഴിയാതിരുന്നതിന്റെ കുറവ് കൂടി പരിഹരിക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പൂരാഘോഷം.
ഏക്കർ കണക്കിന് സ്ഥലത്ത് പരന്ന് കിടക്കുന്ന വലിയ പൂരപ്പറമ്പും, കവളപ്പാറ കൊട്ടാരപ്പറമ്പും ജനനിബിഡമായി. ഞായറാഴ്ച രാത്രി ആരംഭിച്ച കുതിരക്കളിയോടെ ഉത്സവം പാരമ്യതയിലേക്ക് കടന്നു. ത്രാങ്ങാലി, മാന്നനൂർ, കള്ളേക്കാട്, ചുടുവാലത്തൂർ, ഷൊർണൂർ, നെടുങ്ങോട്ടൂർ, പനയൂർ, കുതിരകൾ ക്ഷേത്രാങ്കണത്തിലിറങ്ങി കളിച്ച് വലം വെച്ചു.
പൂര ദിവസം ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഏക പെൺകുതിരയായ മുണ്ടായ കൊടിച്ചിക്ക് ആചാരപരമായ സ്വീകരണം നൽകി. തുടർന്ന് കവളപ്പാറ, കാരക്കാട്, ചെറുകാട്ട്പുലം, കൂനത്തറ തെക്കുംമുറി, വടക്കുംമുറി, ത്രാങ്ങാലി ദേശ കുതിരകൾ ക്ഷേത്ര മുറ്റത്തിറങ്ങി വലം വെച്ചു. പിന്നീട് വാണിയംകുളം, കാരക്കാട്, എടക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഇണക്കാളകളും പൂരത്തിന് പൊലിമ കൂട്ടി.
സന്ധ്യയോടെ മുണ്ടായ കൊടിച്ചി തൊഴുത് കയറിയതോടെ പകൽപൂരത്തിന് സമാപനമായി. രാത്രി ഒമ്പതിന് പെരുവനം സതീശന്റെ നേതൃത്വത്തിൽ പാഞ്ചാരിമേളം അരങ്ങേറി. തുടർന്ന് പനമണ്ണ ശശി, ഉദയൻ നമ്പൂതിരി, നീലേശ്വരം സതീശൻ എന്നിവർ തൃത്തായമ്പക അവതരിപ്പിച്ചു. പുലർച്ചെ ശ്രീരാമ പട്ടാഭിഷേകം തോൽപ്പാവക്കൂത്തോടെ 21 ദിവസം നീണ്ടു നിന്ന പൂരാഘോഷങ്ങൾക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.