കുളപ്പുള്ളി-കണയം റോഡ് പുനർനിർമാണം പാതിവഴിയിൽ
text_fieldsഷൊർണൂർ: പതിറ്റാണ്ടുകൾ നീണ്ട മുറവിളികൾക്കൊടുവിൽ ആരംഭിച്ച റോഡ് പണി പാതിവഴിയിൽ നിലച്ച സ്ഥിതിയിലായതിൽ നാട്ടുകാരിൽ അമർഷം പുകയുന്നു. രണ്ടുമാസം മുൻപ് നിർമാണമാരംഭിച്ച കുളപ്പുള്ളി-കണയം റോഡ് പുനർനിർമാണമാണ് പാതി വഴിയിൽ നിലച്ച അവസ്ഥയിലായത്.
ജല അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കലും, വീടുകളിലേക്ക് കണക്ഷൻ നൽകലും വൈകുന്നതാണ് റോഡ് പണി നിലക്കുന്നതിന് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. റോഡ് വീതി കൂട്ടിയ ഭാഗങ്ങളിലെ വൈദ്യുതിക്കാലുകൾ അരികിലേക്ക് മാറ്റി സ്ഥാപിക്കേണ്ട പണികളും പൂർത്തിയാക്കാനുണ്ട്. ആകെ നാല് കിലോമീറ്ററുള്ള റോഡിന്റെ, കുളപ്പുള്ളി ആലിൻ ചുവട് മുതൽ കണയം കല്ലുരുട്ടി വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗമാണ് ആധുനിക രീതിയിൽ പുനർ നിർമിക്കുന്നത്. ഇതിൽ ആലിൻ ചുവട് മുതൽ കുളപ്പുള്ളി യു.പി. സ്കൂൾ വരെയുള്ള ഒരു കിലോമീറ്റർ ഭാഗം ബി.എം.ബി.സി ചെയ്യാൻ തയ്യാറാക്കിക്കഴിഞ്ഞു. ഈ ഭാഗത്തെ റബറൈസിങ് പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ബാക്കി വരുന്ന ഭാഗം എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് ഇവർക്കും വ്യക്തമായി പറയാനാകുന്നില്ല. ഈ ഭാഗത്ത് കാൽനടയാത്ര പോലും ബുദ്ധിമുട്ടായ നിലയിലാണ്. റോഡ് വീതി കൂട്ടുന്നതിനായി മതിലുകൾ പൊളിച്ചതുകൊണ്ടും, ഉയരമുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് താഴ്ത്തിയതിനാലും ആകെ മണ്ണ് പുരണ്ട് കിടക്കുകയാണ്. പലയിടങ്ങളിലും കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം കുത്തിയൊഴുകി ചെളിമയമാണ്. ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതിനും ഇത് കാരണമാകുന്നു. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി തെറിക്കുന്നതും പ്രശ്നമാണ്.
ഉത്സവകാലം ആരംഭിക്കുന്നതിന് മുമ്പ് റോഡ് പണി പൂർത്തിയാക്കാമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാൽ, ഈ രീതിയിൽ പണി മുന്നോട്ട് പോയാൽ ഈ വേനൽക്കാലത്ത് പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയാണുള്ളത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരക്ക് ഇത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ യോഗം നഗരസഭ ഓഫിസിൽ വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ പണി പുന:രാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.