കുളപ്പുള്ളി-കണയം റോഡ് നവീകരണം; ദുരിതം തുടരും
text_fieldsഷൊർണൂർ: പുനർനിർമാണം സ്തംഭനാവസ്ഥയിലായിട്ട് രണ്ട് മാസമായിട്ടും കുളപ്പുള്ളി-കണയം റോഡ് നവീകരണം തുടരാനാകാതെ അധികൃതർ. നേരത്തെ തന്നെ തകർന്ന റോഡ് വീതി കൂട്ടുന്നതിനും മറ്റും പൊളിച്ചിട്ടിരിക്കുകയാണ്. പൈപ്പ് ലൈൻ പൊട്ടി വിവിധയിടങ്ങളിൽ കുടിവെള്ളം റോഡിൽ പരന്നൊഴുകാൻ തുടങ്ങിയതോടെ യാത്ര എറെ ദുരിതമായി.
പുതിയതായിട്ട പൈപ്പ് ലൈനിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷനുകൾ മാറ്റി നൽകേണ്ടതുണ്ട്. ഇത് വൈകുന്നതിനാലാണ് റോഡ് പണി തുടങ്ങാനാകാത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഈ പണി എപ്പോൾ തീർത്ത് തരുമെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നില്ലെന്നും ഇവർ പറഞ്ഞു. മാത്രവുമല്ല, 21 വൈദ്യുതിക്കാലുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതും അനന്തമായി നീളുകയാണ്.
റോഡിന് വീതി കൂട്ടേണ്ട പല സ്ഥലങ്ങളിലും അത് പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. ഈ തടസ്സങ്ങൾ നഗരസഭ നീക്കി തന്നാൽ മാത്രമേ പണി തുടരാനാവുകയുള്ളൂവെന്ന് നിർമാണച്ചുമതലയുള്ള കെ.ഇ.എൽ വ്യക്തമാക്കുന്നു. ഇപ്പോൾ റോഡിന്റെ പ്രതലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കിയാൽ മാത്രമേ ടാറിങ് വേനൽക്കാലത്തിന്റെ മധ്യത്തിലെങ്കിലും ചെയ്യാനാകൂ.
അങ്ങനെയെങ്കിൽ മാത്രമേ ടാർ ശരിക്കും ഉറച്ച് കിട്ടൂവെന്നും മാർക്കിങ് ജോലിയും നന്നായി ചെയ്യാനാകൂവെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നിലവിൽ ഇതുവഴി പോകുന്ന കാൽനട-ഇരുചക്ര വാഹനയാത്രക്കാർ ഒരുപോലെ ദുരിതത്തിലാണ്. ഈ റോഡിനരികിലുള്ള തൃപ്പുറ്റക്കാവിലെയും കണയം ശ്രീകുറുംബക്കാവിലെയും ഉത്സവം തുടങ്ങാനിരിക്കുകയുമാണ്. ഈ സ്ഥിതിയിലും പണിയാരംഭിക്കാൻ കഴിയാതെ അനിശ്ചിതത്വം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.