നഗരസഭയുടെ ഭവന പദ്ധതിക്ക് സൗജന്യമായി ഭൂമി നൽകി
text_fieldsഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ സ്ഥലവും വീടുമില്ലാത്തവരുടെ പാർപ്പിട പദ്ധതിക്കായി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി ദമ്പതികൾ. തൃശൂർ ചെറുതുരുത്തിക്കടുത്ത വെട്ടിക്കാട്ടിരി സ്വദേശി മുല്ലക്കൽ യൂസഫും ഭാര്യ സാബിറയുമാണ് സ്ഥലം വിട്ടുനൽകിയത്. കുളപ്പുള്ളി-പാലക്കാട് സംസ്ഥാനപാതയിൽ മേലേക്കാട് ഭാഗത്താണ് സ്ഥലം നൽകിയത്. 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിലാണ് നഗരസഭ ലൈഫ്മിഷൻ പദ്ധതിക്കായി ഭൂമി നൽകിയത്.
ഇവരുടെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ സ്ഥലം ആശ്രയ പദ്ധതിയിലുൾപ്പെടുത്തി വാങ്ങാനും നഗരസഭ തീരുമാനിച്ചു. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സ്ഥലം നൽകാൻ തയാറാണെന്ന് നഗരസഭയെ ഇവർ അറിയിച്ചു. നഗരസഭയിൽ വീടുവെക്കാൻ ഭൂമിയില്ലാത്തവരുണ്ട്. ഇവരിൽ അർഹരായവരെ കണ്ടെത്തി ഭൂമിയിൽ വീടുവെച്ച് നൽകും. ഫ്ലാറ്റ് നിർമിച്ച് നൽകാനുള്ള പദ്ധതിയും ആലോചനയിലുണ്ട്.
നഗരസഭയിലെ 151 പേർക്ക് പി.എം.എ.വൈ പദ്ധതിയിൽ വീട് നിർമിക്കാനുള്ള അനുമതി നഗരസഭ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. ഈ മൂന്ന് പദ്ധതിയും പൂർത്തിയാകുന്നതോടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാകുമെന്ന് നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.