വിസ്മയം ചൊരിഞ്ഞ് മേളവാദ്യഘോഷം
text_fieldsഷൊർണൂർ: കാണികളിൽ വിസ്മയം ചൊരിഞ്ഞ്, ചെണ്ടയും മൃദംഗവും സമന്വയിച്ച ‘മേളവാദ്യഘോഷം’ കെങ്കേമമായി. ഇതാദ്യമായാണ് തായമ്പകയിൽ മൃദംഗം കൂടിച്ചേരുന്നത്. ചുടുവാലത്തൂർ ശിവക്ഷേത്രാങ്കണത്തിൽ നടന്ന അരങ്ങേറ്റം ആസ്വദിക്കാൻ നിരവധി പേരാണെത്തിയത്.
സാധാരണ ഇരട്ടത്തായമ്പകയിൽ രണ്ട് പ്രധാന ചെണ്ട കലാകാരൻമാരാണുണ്ടാവുക. പക്ഷേ, മേളവാദ്യഘോഷമെന്ന് പേരിട്ട് നടത്തിയ പരിപാടിയിൽ ചെണ്ടയിൽ വ്യക്തിമുദ്ര പതിപ്പിച്ച പനമണ്ണ ശശിയോടൊപ്പം മൃദംഗത്തിൽ അസാധാരണ പാടവം പുലർത്തുന്ന അനന്ത് ആർ. കൃഷ്ണനും കൂടെ ചേർന്നു. തായമ്പകയുടെ ചരിത്രത്തിലെ തന്നെ ആദ്യ അരങ്ങാണിത്. ആദ്യത്തെയാളുടെ വാദനത്തെ അടിസ്ഥാനമാക്കി, അതേ താളക്രമത്തെ ആശ്രയിച്ച് രണ്ടാമത്തെയാൾ കൊട്ടുന്നതാണ് സാധാരണ ഇരട്ടത്തായമ്പകയിൽ ഉണ്ടാവുക.
ഇതിൽ നിന്ന് വ്യത്യസ്തമായി ആവർത്തനം പരമാവധി ഒഴിവാക്കിയും വ്യക്തിഗത കഴിവുകളിലും മനോധർമത്തിലും കൊട്ടിക്കയറിയതാണ് മേളവാദ്യഘോഷത്തെ ശ്രദ്ധേയമാക്കിയത്. ചെണ്ടയിലെ എണ്ണപ്പെരുക്കങ്ങൾ മൃദംഗവായനയിൽ പ്രതിഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ, മൃദംഗവിദ്വാനായിരുന്ന പാലക്കാട് രഘുവിന്റെ പേരക്കുട്ടിയായ അനന്ത് ഗംഭീരമാക്കി.
ഒന്നര മണിക്കൂറോളം നീണ്ട പ്രകടനം കഴിഞ്ഞപ്പോഴേക്കും കാണികൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പത്തോളം ചെണ്ട, ഇലത്താള കലാകാരൻമാരും അകമ്പടിയേകി.തായമ്പക, മേളം, കഥകളി, ചെണ്ട മേഖലകളിലും ഒപ്പം ഇടയ്ക്ക വാദനത്തിലും പ്രാവീണ്യമുള്ള കലാകാരനാണ് പനമണ്ണ ശശി. ഉസ്താദ് സക്കീർ ഹുസൈൻ, ട്രിച്ചി ഗണേശ് എന്നിവർക്കൊപ്പം സംഗീതസമന്വയവും നടത്തിയിട്ടുണ്ട്. ഇലക്ട്രോണിക് മ്യൂസിക്, പെർക്കഷൻ വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രാവീണ്യവുമുള്ള അനന്ത് ആർ. കൃഷ്ണ എ.ആർ. റഹ്മാന്റെ കെ.എം മ്യൂസിക്കിൽ പെർക്കഷൻ ഫാക്കൽറ്റിയാണ്. നടി ശോഭനയുടെ നൃത്തപരിപാടികൾക്കടക്കം മൃദംഗം വായിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.