നിള വീണ്ടും മണൽ പരപ്പായി
text_fieldsഷൊർണൂർ: പൊന്തക്കാടുകൾ നിറഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടും കിടന്ന ഭാരതപ്പുഴയെ പഴയ പോലെയാക്കാൻ നടത്തിയ ശ്രമങ്ങൾ ഏറെക്കുറെ വിജയമായി. രണ്ട് വർഷങ്ങളിലായി ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ച നഗരസഭയുടെ നീക്കം ഫലവത്തായി. കൊച്ചിപാലത്തിനും റെയിൽവേ മേൽപാലത്തിനുമിടയിൽ മണൽ സമൃദ്ധമായ ഭാരതപ്പുഴ പഴയ സൗന്ദര്യത്തിലേക്ക് ഏതാണ്ട് തിരിച്ചെത്തി.
കേരളത്തിലെ മറ്റ് പുഴകളിൽനിന്നും വ്യത്യസ്തമായി മണൽ പരപ്പായി നിലനിന്നിരുന്ന നിളയുടെ ഭംഗിയെ അനിയന്ത്രിതമായ മണലെടുപ്പാണ് മൃതപ്രായമാക്കിയത്. നടക്കുമ്പോൾ കാലുകൾ പൂഴ്ന്നുപോകുന്നത്ര താഴ്ചയിൽ മണൽ പരന്നുകിടന്നിരുന്നു. അധികൃതവും അനധികൃതവുമായ മണലെടുപ്പുമൂലം പുഴയിൽ വലിയ കുഴികൾ രൂപപ്പെട്ടു. മുകളിലെ മണൽ പോയതോടെ അടിയിലെ കളിമണ്ണിൽ നിന്നും പൊന്തക്കാടുകൾ പൊങ്ങി. മണലില്ലാതായതോടെ ജല ലഭ്യതയും കുറവായി. ഇത് കുടിവെള്ളത്തിന് പുഴയെ ആശ്രയിക്കുന്ന പദ്ധതികളെയും ബാധിച്ചു. ഇതോടെയാണ് നിളയെ പഴയ പടിയാക്കാൻ നഗരസഭ തീരുമാനിച്ചത്.
തൃശൂർ ഭാഗത്തേക്കുള്ള സംസ്ഥാന പാത കടന്നുപോകുന്ന കൊച്ചിപ്പാലം ഭാഗത്ത് നിരവധി പേരാണ് പുഴയിലിറങ്ങാനും കുളിക്കാനുമൊക്കെയായി എത്തുന്നത്. ജെ.സി.ബി ഉപയോഗിച്ചും തൊഴിലുറപ്പുകാരെ നിയോഗിച്ചും പൊന്തക്കാട് ഒഴിവാക്കുകയും കുഴികൾ നിരപ്പാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പെയ്ത കനത്ത മഴയിലൊഴുകിയെത്തിയ മണൽ പരന്ന് കിടന്നതോടെ പുഴ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മണലെടുക്കാതായതോടെ പുഴ പല സ്ഥലങ്ങളിൽ പണ്ടത്തെപ്പോലെയായിട്ടുണ്ട്. വീണ്ടും മണലെടുക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ ആശങ്കയിലാണ് പ്രകൃതിസ്നേഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.