മഴക്കാലത്തും കുടിവെള്ളം ലഭിക്കാതെ ഷൊർണൂർ നിവാസികൾ
text_fieldsഷൊർണൂർ: മഴക്കാലമായിട്ടും കുടിവെള്ളം ലഭിക്കാതെ ഷൊർണൂർ നിവാസികൾ. പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്നുണ്ടായ പ്രശ്നം ദിവസങ്ങൾ പിന്നിട്ടിട്ടും ജല അതോറിറ്റി അധികൃതർക്ക് പരിഹരിക്കാനായിട്ടില്ല. ഷൊർണൂർ പൊതുവാൾ ജങ്ഷനിലൂടെ കടന്നുപോകുന്ന പ്രധാന പൈപ്പ് ലൈൻ ജങ്ഷൻ സർക്കിളിൽ തന്നെയാണ് പൊട്ടിയത്. ഇത് നന്നാക്കാൻ രണ്ടുദിവസം കുടിവെള്ളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും വെള്ളം ലഭിക്കാതായതോടെ ജനങ്ങളിൽനിന്ന് വ്യാപകമായി പരാതി ഉയർന്നു. നഗരസഭ അംഗങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രശ്നം ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ജലവിതരണം ആരംഭിച്ചതോടെ അതേ സ്ഥലത്ത് വീണ്ടും പൈപ്പ് തകരാറിലായി. ഇതോടെ കുടിവെള്ളം പ്രതീക്ഷിച്ചിരുന്ന ജനങ്ങളുടെ പ്രതീക്ഷയറ്റു.
കുടിവെള്ളം ലഭിക്കാത്തതിനാൽ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ഏറെ വലയുന്നത്. സ്വന്തമായി കിണറ്റില്ലാത്തവർ ഒരു രക്ഷയുമില്ലാത്ത സ്ഥിതിയിലാണ്. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ഓഫിസിൽ പ്രവർത്തിക്കുന്നവരും വിഷമത്തിലാണ്.
അറ്റകുറ്റപ്പണി ശരിയായി നടത്താത്തതാണ് പ്രശ്നത്തിന് കാരണമെന്ന് നഗരസഭ അംഗങ്ങളായ കെ. കൃഷ്ണകുമാർ, ടി.കെ. ബഷീർ, മുൻ നഗരസഭ അംഗം പി.എം. മുരളീധരൻ എന്നിവർ ജല അതോറിറ്റി അസി. എൻജിനീയറെ കണ്ട് പരാതിപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ അലംഭാവമുണ്ടെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.സി. സോമൻ കുറ്റപ്പെടുത്തി. ബി.ജെ.പി പ്രവർത്തകരും നഗരസഭ അംഗങ്ങളും പ്രതിഷേധം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.