ജലചോർച്ച തടയാൻ നടപടിയില്ല
text_fieldsഷൊർണൂർ: പൈപ്പ്പൊട്ടി കുടിവെള്ളം വ്യാപകമായി പാഴാകുന്നത് തടയാനാകാതെ ജലഅതോറിറ്റി അധികൃതർ. ഷൊർണൂർ നഗരസഭ പരിധിയിൽ 50ലധികം ഇടങ്ങളിലാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. ജലചോർച്ച തുടങ്ങിയിട്ട് നാളുകളേറെയായിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കവളപ്പാറ റോഡരികിലെ പൈപ്പ് പൊട്ടി പാടത്തേക്ക് വെള്ളമൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. നെല്ല് കൊയ്യേണ്ട സമയത്ത് പാടത്ത് വെള്ളം നിറഞ്ഞതോടെ കർഷകർ ധർമ്മസങ്കടത്തിലായിരുന്നു.ദിവസങ്ങളോളം നടത്തിയ മുറവിളികൾക്കൊടുവിലാണ് പൈപ്പ് ശരിയാക്കിയത്. തുടർന്നാണ് നെല്ല് കൊയ്തത്.
എന്നാൽ, വെള്ളം കെട്ടിനിന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാനായില്ല. അധികതുക മുടക്കി ഇരുമ്പ് ചങ്ങലയുടെ ചക്രമുള്ള യന്ത്രം കൊണ്ടുവന്നാണ് കൊയതത്. കർഷകർക്ക് വൈക്കോൽ കെട്ടിയെടുക്കാൻ കഴിയാത്തതിനാൽ അത് നഷ്ടമാവുകയും ചെയ്തു.
നാലഞ്ച് ദിവസത്തിന് ശേഷം വീണ്ടും ഇവിടെ പൈപ്പ് പൊട്ടി ഏക്കർ കണക്കിന് സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുകയാണ്. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് റോഡുകൾ തകരുകയും ചെയ്യുന്നുണ്ട്. പല റോഡ് പ്രവൃത്തികളും ജല അതോറിറ്റിയുടെ അനാസ്ഥ കാരണം തുടങ്ങാൻ പറ്റാതിരിക്കുകയോ, നിർത്തിവെച്ചിരിക്കുകയോ ആണ്. തകർന്ന റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം കാരണം അവിടമാകെ ചളിക്കളമായി. ഇതുകാരണം കാൽനട പോലും ദുസ്സഹമായി.
പഴയ പൈപ്പുകളെയാണ് ഇത്രയുംകാലം അധികൃതർ പഴിചാരിയിരുന്നത്. ഇപ്പോൾ എല്ലായിടത്തും പുതിയ പൈപ്പുകൾ സ്ഥാപിച്ച് കഴിഞ്ഞു. എന്നിട്ടും പൈപ്പ് പൊട്ടലിന് അറുതിയില്ല. ഇപ്പോൾ പ്രധാന റോഡുകളുടെ ഇരുവശത്തും പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഭാവിയിൽ ജലകണക്ഷൻ കൊടുക്കാൻ കൂടുതൽ കീറി മുറിക്കേണ്ടി വരില്ല. പക്ഷെ, മിക്ക റോഡുകളും വീതി കൂട്ടിയാണ് ഇപ്പോൾ പണിയുന്നത്. അതിനാൽ പൈപ്പ് പൊട്ടുന്നത് തുടർന്നാൽ അത് റോഡുകളെ വീണ്ടും ബാധിക്കാനിടവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.